പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ കയറി കാർ അടിച്ചുതകർത്തു; ഒളിവിൽ പോയ പ്രതി കഞ്ചാവുമായി പിടിയിൽ

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മഷൂദ് (25) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ യുവാവിനെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് കാളികാവ് പോലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ വിനയ ദാസിന്റെ കരുവാരക്കുണ്ടിലെ വീട്ടില്‍ അതിക്രമിച്ച് കയറി മഷൂദ് കാറ് തല്ലിപ്പൊളിക്കുകയും കൊല്ലുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. വിനയ ദാസ് വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ഈ സംഭവം. വിനയ ദാസ് വീട്ടിൽ നിന്നും പുറത്തേക്ക് എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയില്‍ കേസെടുത്ത പോലീസ് കരുവാരക്കുണ്ട് സിഐ സി കെ നാസറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മഷൂദ് ഒളിവിൽ പോയി. വയനാട്ടിലെ മേപ്പാടിയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പണം തീര്‍ന്നതോടെ വീടിന് സമീപത്തെത്തി. വീടിനോട് ചേർന്നുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് എടുക്കാനായി ഇന്ന് വൈകുന്നേരത്തോടെ രഹസ്യമായി വേഷം മാറിയാണ് പ്രതി എത്തിയത്.

കഞ്ചാവ് കൈക്കലാക്കിയ ശേഷം സുഹൃത്തിന്റെ ബൈക്കില്‍ തിരിച്ച് വയനാട്ടിലേക്ക് തന്നെ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കരുവാരകുണ്ട് കേരള എസ്റ്റേറ്റ് – പൂച്ചപ്പൊയില്‍ വെച്ച് മഷുദിനെ പോലീസ് പിടികൂടുകയായിരുന്നു. കൈശമുള്ള ബാഗ് പരിശോധിച്ചതില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി ഒളിപ്പിച്ച 940 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് കഞ്ചാവ് കൈവശം വെച്ചതിനും കരുവാരകുണ്ട് പോലീസ് കേസെടുത്തു. നിലമ്പൂര്‍ ഡന്‍സാഫ് ടീമും കരുവാരക്കുണ്ട് പോലീസും ചേര്‍ന്നുളള ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

വന്‍ തോതില്‍ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിനെ തുടര്‍ന്ന് കരുവാരക്കുണ്ട് പോലീസ് ആഴ്ചകള്‍ക്ക് മുൻപ് മഷൂദിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പ്രതിയുടെ ലഹരിമരുന്ന് ഇടപാട് കരുവാരക്കുണ്ട് പോലീസിനെ അറിയിക്കുന്നത് പോലീസുകാരന്‍ വിനയദാസാണ് എന്ന് സംശയിച്ചാണ് പ്രതി വിനയ ദാസിന്റെ വീട്ടിലെത്തി അക്രമണം നടത്തിയത്.
പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം കരുവാരകുണ്ട് എസ്എച്ച്ഒ സി കെ നാസര്‍, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

spot_img

Related Articles

Latest news