ഇളവുകള്‍ : കര്‍ശന ജാഗ്രതയ്‌ക്ക് പൊലീസിന് നിര്‍ദേശം

വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപ്പതായി നിജപ്പെടുത്തി. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും.

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ നൽകാനും നിർദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗ വ്യാപനത്തിന്റെ സാധ്യത പൂർണമായും ഇല്ലാതാക്കണം.

സി, ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേകശ്രദ്ധ നൽകും. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് അനൗൺസ്മെന്റ് നടത്തും.

ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോർസൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാസമയവും നിരത്തിലുണ്ടാകും. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.

spot_img

Related Articles

Latest news