കേരളം നാളെ പോളിങ് ബൂത്തില്‍ എത്തും. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തുക
വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) നല്കുന്ന വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുന്‍പായി കൈപ്പറ്റുക. എന്നാല്‍ ഇതെരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയല്‍ രേഖയല്ല.
2. തിരിച്ചറിയല്‍ രേഖകള്‍
വോട്ടര്‍ ഐഡി കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച 12 രേഖകള്‍ ഹാജരാക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എം.ജി.എന്‍.ആര്.ഇ.ജി.എ ജോബ് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാല്‍ പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്, എന്‍.പി.ആര് പ്രകാരം ആര്.ജി.ഐ അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്ഷന് രേഖകള്‍, എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കു നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, സാമൂഹ്യനീതി – ശാക്തീകരണ മന്ത്രാലയം നല്കുന്ന യൂണിക് ഡിസബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം
3. ബൂത്തിലെത്തിയാല്‍ ചെയ്യേണ്ടത്
പോളിങ് ബൂത്തിലെത്തിയാല്‍ ആദ്യം ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു. വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് വോട്ടര്‍മാരുടെ റജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതും. ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും എഴുതും. തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്സ് സ്ലിപ് നല്‍കും. അടുത്തതായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റിന്റെ ചുമതലയുള്ള തേര്‍ഡ് പോളിങ് ഓഫിസറുടെ മുന്നിലാണ്. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്ട്രോള് യൂണിറ്റിലെ ബാലറ്റ് ബട്ടന് അമര്‍ത്തും. തുടര്‍ന്ന് നിങ്ങള്‍ വോട്ടിംഗ് മെഷീനിന്റെ അടുത്തേക്ക് പോവുക.
4. വോട്ട് രേഖപ്പെടുത്തുന്ന രീതി (ഇ.വി.എം & വിവിപാറ്റ്)
വോട്ടിംഗ് മെഷീനില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക. ഉടന്‍ തന്നെ മെഷീനില്‍ നിന്ന് ഒരു ബീപ് ശബ്ദം കേള്‍ക്കാം.
വിവിപാറ്റ് പരിശോധന: ബട്ടണ്‍ അമര്‍ത്തിയ ശേഷം മെഷീന് സമീപമുള്ള വിവിപാറ്റ് ബോക്സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കാണാന്‍ സാധിക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഇതിലൂടെ ഉറപ്പാക്കാം.
5. പോളിംഗ് ബൂത്തിലെ സൗകര്യങ്ങള്‍
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ റാംപ് സൗകര്യം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്കാന് വോളണ്ടിയര്‍മാരുണ്ടാകും.

