സമീപകാലത്തെ എല്ലാ രാഷ്ട്രീയ – വർഗീയ കൊലപാതകത്തിലും പ്രതികളായവർക്ക് പുറമെ ആസൂത്രകർക്കും പിടിവീഴും. വാഹനം, ആയുധം, ഫോൺ എന്നിവ നൽകി സഹായിച്ചവരുടെ അടക്കം കൃത്യമായ വിവരം പൊലീസ് ശേഖരിച്ചു. വർഗീയത ആളിക്കത്തിച്ച് ഏതുസമയവും കലാപവും കൊലപാതകവും നടത്താൻ സജ്ജമായ 1364 ആർഎസ്എസ്, എസ്ഡിപിഐ ചാവേറുകൾ സംസ്ഥാനത്തുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ‘അപകടകാരി’കളായ ഇവരെ പൊലീസ് കർശന നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വാറന്റുള്ളവരെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുന്നതിനടക്കം ശക്തമായ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയത്.
ക്രിമിനൽ സംഘങ്ങൾക്ക് പണം നൽകുന്ന സ്രോതസ്സുകളെയും പൂട്ടും. മുമ്പ് കേസിൽപ്പെട്ട ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്നും പരിശോധിക്കും. മുഴുവൻ കേസിലും തുടർ പരിശോധന ഉണ്ടാകും. ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകും. സമൂഹമാധ്യമത്തിൽ വർഗീയ പ്രചാരണം നടത്തുന്നവരെ കണ്ടെത്തും. ഗ്രൂപ്പ് അഡ്മിൻമാരെയടക്കം കേസിൽ പ്രതിയാക്കാനും ജില്ലാ സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തി.
ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനും ബിജെപി നേതാവ് രഞ്ജിത്തും കൊല്ലപ്പെട്ടയുടൻ അതിർത്തിയടക്കം അടച്ച് പരിശോധന നടത്തിയിരുന്നു. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങ്ങും രാത്രികാല പട്രോളിങ്ങും ശക്തമാക്കി. ഇരുചക്ര വാഹനമടക്കം കർശന പരിശോധനയ്ക്ക് വിധേയമാക്കി. ഇരുഭാഗത്തുനിന്നുമുള്ള ക്രിമിനൽപ്പട്ടിക തയ്യാറാക്കി നിരീക്ഷിച്ചു. ഈ നടപടിയാണ് അക്രമസംഭവം പടരാതിരിക്കാൻ കാരണം.
Mediawings: