കൊച്ചി: എറണാകുളം പോണേക്കരയിൽ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ അറസ്റ്റിൽ. സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ജയിലിൽക്കഴിയുന്ന ജയാനന്ദൻ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.
2004ലാണ് എറണാകുളം പോളേക്കരയിൽ എഴുപത്തിനാല് കാരിയേയും സഹോദരീ പുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 44 പവൻ സ്വർണവും ഇവിടെനിന്ന് കവർന്നു.
റിപ്പർ ജയാനന്ദൻ തന്നെയാണ് കുറ്റവാളിയെന്ന സംശയത്തിൽ മുമ്പും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളിലേക്കെത്താൻ പറ്റിയ തെളിവ് കിട്ടിയില്ല. മറ്റൊരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് താനാണ് കൃത്യം നടത്തിയതെന്ന് ജയാനന്ദൻ സഹതടവുകാരനോട് പറഞ്ഞത്.
ജയിലധികൃതർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടർന്ന് ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. തുടർന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.
റിപ്പർ ജയാനന്ദൻ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് മാനഭംഗപ്പെടുത്തിയിട്ടുണ്ട്.