പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടികൂടി. ജങ്ഷനിലെ നാല് സ്റ്റാളുകളില്‍ നിന്നായി 10 കിലോയോളം മത്സ്യമാണ് പിടികൂടിയത്.
ഫോര്‍മാലിന്‍ ചേര്‍ത്ത മത്തി, നത്തോലി, അയല ചെമ്പാന്‍ എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. ഒമ്പത് സ്റ്റാളുകളില്നിന്നായി ശേഖരിച്ച സാമ്പിളുകള്‍ മൊബൈല്‍ പരിശോധന കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്തവ കണ്ടെത്തിയത്. പുറമെനിന്നുള്ള മത്സ്യങ്ങള്‍ പൊന്നാനിയില്‍ വില്ക്കാന് പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് വ്യാപകമായി പുറമെനിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എത്തുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യവില്‍പനക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് നാടന്‍ മത്സ്യങ്ങള്‍ കൂടുതല്‍ ദിവസം കേടുവരാതെ സൂക്ഷിച്ച് വില്പന നടത്തുന്നത്. നേരത്തേ മൊത്ത, ചില്ലറ വില്പന കേന്ദ്രങ്ങളില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ ആരോഗ്യ വകുപ്പ് പിടികൂടിയിരുന്നു. പിടികൂടിയ മത്സ്യം ഹാര്‍ബറില്‍തന്നെ നശിപ്പിച്ചു.
പരിശോധനക്ക് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫിസര്‍മാരായ യു.ആര്. ദീപ്തി, യമുന കുര്യന്, പൊന്നാനി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാമിനാഥന്, ഭക്ഷ്യ സുരക്ഷ വിഭാഗം ടെക്നിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ റംഷാദ്, അഫ്സല് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.