തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത ഗാന രചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു. അദ്ധേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ന്യുമോണിയയോടൊപ്പം ശ്വാസ തടസവുമുള്ളതിനാൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന അദ്ധേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
‘ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍’, ‘ചിത്തിരതോണിയില്‍ ്അക്കരെപോകാന്‍’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ തുടങ്ങി മലയാളി നെഞ്ചേറ്റിയ ഒരു പിടി അനശ്വരഗാനങ്ങളുടെ സ്രഷ്ടാവാണ്.
രാത്രി 12.20 നായിരുന്നു അന്ത്യം. 74കാരനായ പൂവച്ചൽ ഖാദർ മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് എഎംഐഇ പാസായി.
സ്കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തു മാസികയിൽ കവിതയെഴുതിയാണ് തുടക്കം. പിന്നീട് കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്.
പിന്നീട്, മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു.
എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്കു ധാരാളം ആസ്വാദകരുണ്ടായിരുന്നു. നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു, രാമായണക്കിളി ശാരികപ്പൈങ്കിളി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ, പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു തുടങ്ങിയ പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്.
തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്.
കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന.
Media Wings :