പോപ്പി അംബ്രല്ല സ്ഥാപകന്‍ ടി വി സ്‌കറിയ നിര്യാതനായി

ആലപ്പുഴ : പോപ്പി അംബ്രല്ല സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ടി വി സ്കറിയ (സെന്റ് ജോര്‍ജ് ബേബി-81) നിര്യാതനായി. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയില്‍.

25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ പ്രമുഖ പേരാണ് ‘പോപ്പി’. കുട വ്യവസായത്തിലെ ആധുനിക വത്കരണത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളാണ് സെന്റ് ജോര്‍ജ് ബേബി. സ്കൂള്‍ തുറക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം അവശ്യം കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റിയ പരസ്യങ്ങള്‍ക്കും ഇദ്ദേഹം തുടക്കമിട്ടു.ബാഗില്‍ ഒതുങ്ങുന്ന ഫൈവ് ഫോള്‍ഡ് മുതല്‍ ബ്ലൂടുത്ത് കണക്ടിറ്റിവിറ്റിയും ഫാനും ഒക്കെയുള്ള നൂനത മാറ്റങ്ങളും മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

14ാം വയസില്‍ അച്ഛനൊപ്പം സെന്റ് ജോര്‍ജ് കുട കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ സെന്‍റ് ജോര്‍ജ് ബേബിയെന്നാണ് അറിയപ്പെട്ടിരുന്നത്. 1995ല്‍ പോപ്പി അംബ്രല്ലാ മാര്‍ട്ട് സ്ഥാപിച്ച്‌ കുടവിപണിയില്‍ ആധുനിക വത്കരണത്തിന് തുടക്കമിട്ടു.

1979ല്‍ ഐ എസ്‌ ഐ യുടെ കുട ഗുണ നിലവാര നിയന്ത്രണ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. അതേ വര്‍ഷം കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിതനായി. 2005ല്‍ ഓള്‍ ഇന്ത്യ അംബ്രല്ലാ ഫെഡറേഷന്‍ പ്രസിഡന്റായി.

കുട രംഗത്തെ പ്രവര്‍ത്തന മികവും നേതൃപാടവവും പരിഗണിച്ച്‌ ഒട്ടേറെ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായി. രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്കാരം, അക്ഷയ പുരസ്കാരം, എകെസിസി ശതാബ്ദി പുരസ്കാരം, 1998ലെ ദീപിക ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍ (കേരള) എന്നിവ ലഭിച്ചു.

ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കള്‍: ഡെയ്സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യില്‍ (സി ഇ ഒ പോപ്പി അംബ്രല്ലാ മാര്‍ട്ട്), ടി എസ് ജോസഫ് (പോപ്പി). മരുമക്കള്‍: മുന്‍ ഡി ജി പി ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത്, സി സി ഡേവിസ്.

spot_img

Related Articles

Latest news