കേരളത്തിൽ പ്രസവങ്ങൾ കുറയും; സ്ത്രീകളുടെ ആയുസ്സ് 85 വയസിന് മുകളിലെത്തും; ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിലെ വിശദ വിവരങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 25 വർഷത്തിനിടെ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. പുതിയ ജനസംഖ്യാ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെൻറും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ പഠനമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. ആയുർദൈർഘ്യം ശരാശരി പത്ത് വർഷത്തോളം ഉയരുമെന്നും സ്ത്രീകളുടെ ആയുസ്സ് 85 വയസിന് മുകളിലെത്തുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള സംസ്ഥാനമാണ് കേരളം. ഈ പ്രവണത തുടർന്നാൽ 2051 ഓടെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലെ കുട്ടികളുടെ വിഹിതം ഇപ്പോഴുള്ള 19.3 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായി താഴും. അതേസമയം, ജനനനിരക്ക് 1.4 എന്ന നിലയിലേക്കും ഇടിയുമെന്നാണ് കണക്കുകൂട്ടൽ.

അതോടൊപ്പം, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സംസ്ഥാനമായി കേരളം മാറുമെന്നും റിപ്പോർട്ട് പറയുന്നു. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം നിലവിലെ 70 വയസിൽ നിന്ന് 80 വയസിലേക്കുയരും. സ്ത്രീകളുടെ ആയുസ്സ് 75 വയസിൽ നിന്ന് 85 വയസിന് മുകളിലേക്ക് ഉയരും.

ജനസംഖ്യാ വർധനവിന്റെ കാര്യത്തിൽ 2041 ഓടെ കേരളം ഉച്ചസ്ഥിതിയിലെത്തുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അന്ന് സംസ്ഥാനത്ത് 3 കോടി 65 ലക്ഷം പേരുണ്ടാകും. എന്നാൽ, തുടർന്ന് ജനസംഖ്യ കുറയാൻ തുടങ്ങുകയും 2051 ഓടെ 3 കോടി 55 ലക്ഷമായി താഴുകയും ചെയ്യുമെന്നാണ് പ്രവചനം.

ഈ മാറ്റങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ വോട്ടർമാരിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ തൊഴിൽ, സാമൂഹ്യസുരക്ഷ, ആരോഗ്യസംവിധാനം തുടങ്ങിയ മേഖലകളിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

 

Mediawings:

spot_img

Related Articles

Latest news