കൊച്ചി: കോവിഡ് വന്നു പോയ പലരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. കോവിഡ് ഭേദമായ 20 ശതമാനം പേരിലും തുടര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നു. നെഗറ്റീവായ ശേഷം മറ്റ് ഗുരുതര അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാറിന്റെ 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. 51,508 പേര് ഫോണ്‍വഴി ചികിത്സ തേടി. ഏറ്റവും കൂടുതല്‍ പേര് ചികിത്സിച്ചത് ശ്വാസകോശ രോഗങ്ങള്‍ക്കായാണ് – 7409 പേര്. പേശി-അസ്ഥി അസുഖങ്ങളുമായി എത്തിയത് 3341 പേര്. ഹൃദ്രോഗം -1649ഉം ന്യൂറോ 1400ഉം പേര് ചികിത്സിച്ചു. ഉറക്കമില്ലായ്മയടക്കം മാനസിക പ്രശ്നങ്ങളുമായി ചികിത്സ തേടിയത് 812 പേരാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, വിട്ടുമാറാത്ത തലവേദന, തലകറക്കം, അമിത ക്ഷീണം, ഹൃദയാഘാതം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍, വൃക്കരോഗം, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം തുടങ്ങി കോവിഡാനന്തര പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. ചിലര്‍ക്ക് മൂന്നുമാസം മുതല്‍ ആറുമാസം വരെ ഇത് നീണ്ടുനില്ക്കുന്നുമുണ്ട്.
കുഞ്ഞുങ്ങളില്‍ ഹൃദയത്തെയടക്കം അവയവങ്ങളെ ബാധിക്കുന്ന തുടര്രോഗാവസ്ഥ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതഭാരം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ കേരളം പൊരുതുന്നതിനിടെയാണ് കോവിഡാനന്തര രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നത്.
കോവിഡാനന്തര രോഗം മൂലമുള്ള മരണങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3920 ആണ്.
എന്നാല്‍, കോവിഡാനന്തര പ്രശ്നങ്ങള്‍ മൂലവും മറ്റും മരിക്കുന്നവരുടെ എണ്ണവും ഇതിലില്ല. രണ്ടുംകൂടി കൂട്ടുമ്പോള്‍ പതിനായിരത്തിലേറെ മരണങ്ങള് ഇക്കാലയളവില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വിവിധ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ മതിയാകാത്ത അവസ്ഥയാണ്.
കോവിഡ് മുക്തി നേടിയവര്‍ക്ക് പരിചരണം, ആരോഗ്യസംരക്ഷണം, നിരന്തര നിരീക്ഷണം എന്നിവ ഉറപ്പാക്കാന്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമാകുന്നില്ലെന്ന പരാതികളുമുണ്ട്. കോവിഡാനന്തര പ്രശ്നങ്ങള്‍ കൂടി രൂക്ഷമായതോടെ തീവ്രപരിചരണ വിഭാഗങ്ങളിലടക്കം വെന്റിലേറ്ററുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.