80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടേഴ്സിന് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍, പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആബ്സെന്റി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കായി അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്യും. ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ അപേക്ഷ ഫോറം പൂരിപ്പിച്ച്‌ രേഖപ്പെടുത്തി വരണാധികാരികള്‍ക്ക് ലഭ്യമാക്കും. ആബ്സെന്റി വോട്ടര്‍മാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടെപ്പം ഹാജരാക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ അഞ്ച് ദിവസങ്ങള്‍ വരെയാണ് ഇവര്‍ക്ക് അപേക്ഷ ഫോറം പൂരിപ്പിച്ച്‌ നല്‍കാവുന്ന സമയം. ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്‌പെഷ്യല്‍ പോളിംഗ് ടീം വീടുകളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച്‌ അതാത് വരണാധികാരികളെ ഏല്‍പ്പിക്കും. ഇപ്രകാരമുള്ള നടപടിക്രമം ആബ്സെന്റി വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥമാണ് ഏര്‍പ്പെടുത്തുന്നത്.

ഒരു നിര്‍ബന്ധിത നടപടി ക്രമമല്ലാത്തതിനാല്‍ ആബ് സെന്റി വോട്ടര്‍മാര്‍ക്ക് ഇച്ഛാനുസരണം ഈ സൗകര്യം ഉപയോഗിക്കാം. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ പോസ്റ്റല്‍ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം. ഇവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ ഹാജരായി വോട്ടു രേഖപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിരിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞതായി യോഗത്തില്‍ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് മൂലം തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ജില്ലയിലെ കോവിഡ് നിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവശ്യമെങ്കില്‍ സമിതി രൂപികരിക്കാമെന്നും കലക്ടര്‍ പറഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശത്തേ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹോര്‍ഡിംഗ് അടിയന്തരമായി എടുത്തു മാറ്റണം. ഹോര്‍ഡിംഗ് എടുത്തു മാറ്റിയിട്ടുണ്ടെന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പു വരുത്തുകയും വേണം. അതിരപ്പിള്ളി മേഖലയില്‍ പൊതുജനങ്ങള്‍ക്ക് അപകടരമായ വിധത്തില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് ബോര്‍ഡുകള്‍ അടിയന്തരമായി എടുത്തു മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി ബി സുനില്‍, ജില്ലാ ഇന്‍ഫര്‍മേറ്റിക്സ് ഓഫീസര്‍ കെ. സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

spot_img

Related Articles

Latest news