ഫസീലയുടെ ഖബറടക്കം നടന്നു; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സനൂഫിനായി ലുക്ക് ഔട്ട് നോട്ടീസ്; സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍

കോഴിക്കോട്: മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.യുവതിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.

ഇന്നലെ രാവിലെയാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂർ സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്‌ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. മുറിയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ സൂചന വന്നതോടെയാണ് അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news