ഇടുക്കി:ഇടുക്കിയിലെ മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറിയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പവർ ഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത് , ഇതേ തുടർന്നുണ്ടായ ചെറിയ സ്‌ഫോടനത്തിൽ ട്രാൻഫോമറിന്റെ സുരക്ഷാ കവചം പൊട്ടിത്തെറിച്ചതായാണ് സൂചന.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിരില്ലെന്നു കെഎസ്ഇബി അറിയിച്ചു. ഓക്‌സിലറി സിസ്റ്റത്തിൽ വെളിച്ചം കണ്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
പൊട്ടിത്തെറിയെ തുടർന്ന് പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും കെഎസ്ഇബി ആരംഭിച്ചിതായും തകരാർ പരിഹരിച്ച് ഉത്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരികയാണെന്നും കെഎസ്ഇബി പറഞ്ഞു