മലപ്പുറം : ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ പ്രദീപ് തലാപ്പിൽ പത്മശ്രീ പുരസ്കാരം രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. നാനോ ടെക്‌നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിർണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്.
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്ണോളജിയിൽ പ്രഗല്ഭനായ ശാസ്ത്രജ്ഞനുമായ ഡോ.ടി. പ്രദീപ് തലാപ്പിൽ പരേതനായ നാരായണൻ മാസ്റ്ററുടേയും റിട്ടയേർഡ് അദ്ധ്യാപിക കുഞ്ഞിലക്ഷ്മി അമ്മയുടേയും രണ്ടാമത്തെ മകനാണ്.
2008ലെ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ‘കുഞ്ഞു കണങ്ങൾക്ക് വസന്തം’ എന്ന പേരിൽ നാനോ ടെക്‌നോളജിയെക്കുറിച്ച് മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ കൃതിയ്ക്ക് 2010ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ഭാര്യ. ശുഭ. കാലിഫോർണിയാ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ചെയുന്ന രഘു മകനും എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ലയ മകളുമാണ്. പ്രകാശൻ, പ്രമോദ് എന്നിവർ സഹോദരങ്ങളാണ്.