റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തിവരാറുള്ള ഇടയത്താഴ വിതരണവും റമദാൻ കിറ്റ് വിതരണവും ഉൾപ്പെട്ട ആദ്യ ഘട്ടം വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രാത്രി കാലങ്ങളിൽ കോർഡിനേറ്റർ ബഷീർ സാപ്റ്റ്ക്കോയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ, കുറഞ്ഞ ശമ്പളം ലഭിക്കുന്നവർ, ലേബർ ക്യാമ്പുകളിലെ പ്രവാസികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ഇടയത്തഴ വിതരണം നടക്കുന്നത്. റമദാൻ മുപ്പതു ദിവസവും ഈ വിതരണം വർഷങ്ങളായി തുടർന്ന് വരുന്ന കാരുണ്യപ്രവർത്തനങ്ങളിൽ പെട്ടതാണ്.
പലവ്യഞ്ജനങ്ങൾ അടങ്ങുന്ന റമദാൻ കിറ്റ് വിതരണ ഉത്ഘാടനം പിഎംഫ് സെൻട്രൽ കമ്മിറ്റി മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. റമദാൻ സാന്ത്വന കമ്മിറ്റി കൺവീനർ സഫീർ അലി തലാപ്പിൽ ആമുഖം നൽകി. പിഎംഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി കോർഡിനേറ്റർ സുരേഷ് ശങ്കർ റമദാൻ സന്ദേശം നൽകി. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികളെ തിരഞ്ഞു കണ്ടു പിടിച്ചു വിതരണം ചെയ്യുന്ന റമദാൻ കിറ്റിൽ അരിയടക്കം 14 തരത്തിലുള്ള പലവ്യഞ്ജനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തുച്ചമായ വരുമാനമുള്ള വനിതാ ജീവനക്കാർക്ക് ലേബർ ക്യാമ്പിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന റമദാൻ കിറ്റ് വിതരണത്തിന് റമദാൻ സാന്ത്വന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പരിപാടിയിൽ സിമി ജോൺസൺ, സുനി ബഷീർ, സുരേഷ് ശങ്കർ, ശരീഖ് തൈക്കണ്ടി, ഷിബു ഉസ്മാൻ, യാസിർ അലി, ജോൺസൺ മാർക്കോസ്, കെ ജെ റഷീദ്, ജിബിൻ സമദ് കൊച്ചി, ഷിബു ഉസ്മാൻ, ശ്യാം വിളക്കുപാറ, ബിനോയ് മത്തായി, മുഹമ്മദ് ഖാൻ, ബിനു കെ തോമസ്, ഷാജഹാൻ ചാവക്കാട്, സിയാദ് വർക്കല എന്നിവർ ആശംസകൾ നേർന്നു.
കേരളത്തിൽ 14 ജില്ലകളിലും നിർധനരായ വൃക്കരോഗബാധിതർക്ക് ഈ വർഷത്തെ റമദാൻ 2025 ന്റെ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതിനോടൊപ്പം കാൻസർ ബാധിത രോഗികളെയും മറ്റ് രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെയും ഈ വർഷത്തെ സാന്ത്വന പ്രവർത്തനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു.
പിഎംഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും, ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.

