റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘനത്തിന് ഒരാഴ്‌ചയ്ക്കുള്ളില്‍ പിടിയിലായത് 21,022 പേർ. ഇഖാമ (താമസാനുമതി), തൊഴില്‍ നിയമങ്ങള്‍, അതിർത്തി സുരക്ഷാച്ചട്ടങ്ങള്‍ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി സൗദി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെയാണ് പരിശോധന നടന്നത്.
താമസ നിയമം ലംഘിച്ചതിന് 15,038 പേരും അതിർത്തി സുരക്ഷാച്ചട്ടങ്ങള്‍ ലംഘിച്ചതിന് 3,484 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 2,500 പേരുമാണ് പിടിയിലായത്. അനധികൃതമായി രാജ്യത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതിന് 1,466 പേരും പിടിയിലായി. അതിർത്തി കടന്ന് പുറത്തുപോകാൻ ശ്രമിച്ചതിന് 33 പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. നിയമലംഘകർക്ക് താമസ സൗകര്യവും യാത്രാസൗകര്യവുമൊരുക്കിയതിന്റെ പേരില്‍ 15 പേർക്കെതിരെയും നടപടിയെടുത്തു.
നിലവില്‍ നിയമലംഘനങ്ങള്‍ക്ക് 21,178 പേരാണ് നടപടികള്‍ക്ക് വിധേയരാകുന്നത്. ഇതില്‍ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി 13,854 അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയത്തിലേയ്ക്ക് റഫർ ചെയ്തു. 2,187 പേരുടെ യാത്രാനടപടികള്‍ പൂർത്തീകരണ ഘട്ടത്തിലാണ്. കഴിഞ്ഞ ഒരാഴ്‌ചമാത്രം നാടുകടത്തപ്പെട്ടത് 8,511 പേരാണ്.

