കൊവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍; രണ്ടാം ഡോസിന് സ്പോട്ട് രജിസ്ട്രേഷന്‍; പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ. ഇത്തരക്കാര്‍ക്ക് ഇനി ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതില്ല. ഇവര്‍ക്ക് ഇനിമുതല്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആയിരിക്കും.
കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് ആറു മുതല്‍ എട്ട് ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറു ആഴ്ച കഴിഞ്ഞവര്‍ക്കുമാകും പുതിയ മാര്‍ഗരേഖ പ്രകാരം മുന്‍ഗണന നല്‍കുക. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വാക്സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സ്ലോട്ട് നല്‍കുക.
അതേസമയം 18 മുതല്‍ 45 വയസിന് ഇടയിലുള്ളവര്‍ക്കുളള വാക്സീനേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുറന്നു കൊടുത്ത കോവിന്‍ പോര്‍ട്ടലില്‍ ആദ്യ മൂന്നു മണിക്കൂറില്‍ 80 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കുളള വാക്സിനേഷന്‍ മേയ് ഒന്നു മുതലാകും ആരംഭിക്കുക. എന്നാല്‍ സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമായില്ലെങ്കില്‍ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.