വിലവര്‍ധന 15-20 ശതമാനം വരെ ; ഡീസല്‍ വില കുറഞ്ഞാലും ഉയര്‍ന്ന വില താഴില്ല
കൊച്ചി: നിര്‍മാണ സാധനങ്ങളുടെ വിലവര്‍ധന മൂലം സംസ്ഥാനത്തെ നിര്‍മാണമേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് വന്‍ വിലക്കയറ്റം. സിമന്റ്, ഇരുമ്പ്, ക്രഷര്‍ മെറ്റല്‍ എന്നിവയുടെ വില കുതിച്ചുകയറി. 15-20 ശതമാനം വരെയാണ് ഓരോ നിര്‍മാണ സാമഗ്രിയിലും വിലവര്‍ധന.
കമ്പി
പ്രമുഖ ബ്രാൻഡായ ടാറ്റ ടിസ്കോണ്‍ പ്രീമിയം ടി.എം.ടി ബാറിന്റെ വില 58 രൂപയില്‍ നിന്നും 75 രൂപയായി. ലോക്കല്‍ ബ്രാന്‍ഡുകള്‍ കിലോ 44 രൂപയില്‍നിന്ന് 62 രൂപയായും കൂടി. ആംഗിള്‍-സ്ട്രക്ചര്‍ വില കിലോ 10-12 രൂപ, പ്ളേറ്റ്-ഷീറ്റ് കിലോ 8-10 രൂപ, ജി.പി-എം.എസ് പൈപ്പുകള്‍ക്ക് കിലോ 15-20 രൂപ എന്നിങ്ങനെയാണ് വര്‍ധന. എല്ലാ പ്രൈമറി, സെക്കന്‍ഡറി ഇരുമ്പ്-സ്റ്റീല്‍ ഉല്പാദകരും കിലോക്ക് 10-12 രൂപ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന് കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീര്‍ പറഞ്ഞു.
സിമന്റ്
സിമന്റ് ഒരു ബാഗിന് ബുധനാഴ്ച മുതല്‍ ശരാശരി 80 രൂപ കൂടും. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 100 രൂപ, സാധാരണ ബ്രാന്‍ഡുകള്‍ക്ക് 60-80 രൂപ നിരക്കിലാണ് വില വര്‍ധന. നിലവില്‍ 330 – 340 രൂപയാണ് സിമന്റ് വില. ഇത് 400 രൂപയായി വര്‍ധിക്കും. സിമന്റ് വിലയില്‍ 30 ശതമാനവും കടത്തുകൂലിയാണ്.
മെറ്റല്‍
എറണാകുളം ജില്ലയിലെ ക്രഷറുകളില്‍ മുക്കാലിഞ്ച് മെറ്റല്‍ വില അടിക്ക് 29 – 30 രൂപയില്‍ നിന്നും 33 രൂപ ആയി. ഇത് നിര്‍മാണ സ്ഥലത്തേക്ക് എത്തിക്കുമ്പോള്‍ ശരാശരി 36 -38 രൂപയാകും. നിന്നാണ് വര്‍ധന. 90 അടി ശേഷിയുള്ള മിനി ലോറിയില്‍ ഒരു ലോഡ് മെറ്റലിന് വില 3240 രൂപയാകും. മെറ്റല്‍ സാന്‍ഡ് വില ക്രഷറുകളില്‍ അടിക്ക് 41 രൂപയാണ്.
പെട്രോള്‍-ഡീസല്‍ വില കുറഞ്ഞാലും നിര്‍മാണ സാമഗ്രികളുടെ ഉള്‍പ്പെടെ ഉയര്‍ന്ന വില ഉടനെ താഴില്ല. ഇവയുടെ ഉല്പാദനച്ചെലവ് ഉയര്‍ന്നുവെന്ന ന്യായമാണ് നിര്‍മാതാക്കള്‍ ഉന്നയിക്കുന്നത്.