എടവണ്ണപ്പാറ: കക്കോവ് തൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ വിഗ്രഹത്തിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം ചാർത്തി മുങ്ങിയ പൂജാരി അറസ്റ്റിൽ.
തിരുവനന്തപുരം കിഴക്കൂക്കര അശ്വതീഭവനിലെ സനീഷിനെ (34) ആണ് തിരുവനന്തപുരം ആറ്റിപ്രയിൽവെച്ച് പോലീസ് പിടികൂടിയത്.
വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവൻ സ്വർണമാലയും ഒരുഗ്രാം തൂക്കമുള്ള സ്വർണ്ണപ്പൊട്ടും എടുത്ത് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു. നാട്ടിലേക്കുപോയ ഇയാൾ മടങ്ങിവരാതിരിക്കുകയും കൃത്യമായ മറുപടിതരാതിരിക്കുകയും ചെയ്തപ്പോൾ ക്ഷേത്രഭാരവാഹികൾക്ക് സംശയംതോന്നി. തുടർന്നുനടത്തിയ പരിശോധനയിലാണ് ആഭരണത്തട്ടിപ്പ് അറിയുന്നത്.ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ വാഴക്കാട് പോലീസ് കേസെടുത്തു.
സി.ഐ. സുഷീർ, എസ്.ഐ. കമറുസമാൻ, എ.എസ്.ഐ. അജിത്, റാഷിദ് എന്നിവർ ചേർന്ന് തിരുവനന്തപുരത്തുചെന്ന് പ്രതിയെ പിടിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.