‘പാർട്ടിയിൽ വ്യക്തി താൽപര്യങ്ങൾക്ക് മുൻ​ഗണന’; കോൺഗ്രസ് വക്താവ് സ്ഥാനം രാജിവെച്ച് ജയ്‍വീർ ഷെർ​ഗിൽ

ന്യൂ ഡൽഹി: കോൺഗസ് നേതാവ് ജയ്‍വീർ ഷെർഗിൽ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു. പാർട്ടിയിൽ വ്യക്തി താൽപര്യങ്ങൾക്കാണ് മുൻഗണനയെന്നും പൊതുതാൽപര്യങ്ങൾ മുൻനിർത്തി

കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.

കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന തീരുമാനം പൊതുജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന് പറയുന്നതിൽ തനിക്ക് വേദനയുണ്ട്. പാർട്ടിയിൽ വ്യക്തി താൽപര്യങ്ങൾക്കാണ് മുൻഗണന. തനിക്ക് ഇത് ധാർമികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. കോൺഗ്രസ് പാർട്ടിയുടെ തീരുമാനങ്ങൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഷെർഗിൽ പറയുന്നു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് ഒരു വർഷത്തിലേറെയായി സമയം തേടുന്നു, പക്ഷേ തങ്ങളെ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നില്ല. കഴിഞ്ഞ എട്ടു വർഷമായി താൻ കോൺഗ്രസിൽ നിന്ന് ഒന്നും എടുത്തിട്ടില്ല, പാർട്ടിയ്ക്ക് നൽകുക മാത്രമാണ് ചെയ്തത്. കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും താൻ രാജിവെച്ചു. ജനത്തിൻ്റെ താൽപര്യങ്ങൾ മുൻനിർത്തി കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നില്ല എന്നതാണ് രാജിയുടെ പ്രാഥമിക കാരണമെന്നും 39 കാരനായ ജയ്‍വീർ ഷെർഗിൽ വാർത്താ ഏജൻസിയായ എഎൻഐയോടു പറ‍ഞ്ഞു.

കോൺഗ്രസ് യുവനിരയിലെ ശ്രദ്ധേയനാണ് പഞ്ചാബിൽ നിന്നുള്ള അഭിഭാഷകൻ കൂടിയായ ജയ്‍വീർ ഷെർഗിൽ. കുറച്ചു മാസങ്ങളായി പാർട്ടിയുടെ വാർത്താസമ്മേളനങ്ങളിൽ നിന്ന് ഷെർഗിൽ വിട്ടുനിന്നിരുന്നു. സംസ്ഥാന പദവികളിൽ നിന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവർ രാജിവെച്ചതിനു പിന്നാലെയാണ് ഷെർഗിലിൻ്റെ രാജി എന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, കപിൽ സിബൽ ഉൾപ്പെടെ നിരവധി നേതാക്കളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേക്കേറിയത്.

spot_img

Related Articles

Latest news