തിരുവനന്തപുരം: സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍. 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇതിനൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളില്‍ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.
പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുമുള്ളത്. കോവിഡ് പടര്‍ന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂര്‍ണമായതിനാലാണ് മോചിപ്പിക്കാന്‍ ആലോചിക്കുന്നത്.
ഒന്നുകില്‍ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഇളവുകള്‍ സഹിതം 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇളവുകള്‍ ഇല്ലാതെ 23 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കില്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കണം.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ഥിരം കൊലപാതകികള്‍, കള്ളക്കടത്തുകാര്‍, മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകള്‍, സ്ത്രീധന പീഡനം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ പട്ടികയില്‍ പെടാന്‍ പാടില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു.
മാനദണ്ഡം അടിസ്ഥാനമാക്കി 242 പേരുടെ പട്ടിക തയാറാക്കിയിരുന്നു. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി.