ലക്ഷ്‌മിപൂര്‍ (ആസാം) : ആസമിലെ ആദിവാസി ഗോത്രവര്‍ഗത്തിലെ യുവ സ്‌ത്രീകളോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആസമില്‍ എത്തിയതായിരുന്നു പ്രിയങ്ക. ആസമിലെ ലക്ഷിമിപ്പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ യുവതികള്‍ക്കൊപ്പമാണ് പ്രിയങ്ക ‘ജുമര്‍ ‘നൃത്തത്തില്‍ പങ്കു ചേര്‍ന്നത്.
പ്രീയങ്ക നൃത്തം ചെയ്യുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. വലിയ ജനക്കൂട്ടത്തിനും സുരക്ഷാ സേനയുടേയും നടുവില്‍ തളത്തിനൊപ്പം ചുവടുവെക്കുന്ന പ്രിയങ്കയെയാണ് വീഡിയോയില്‍ കാണുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയും സ്‌കാര്‍ഫുമായിരുന്നു പ്രിയങ്കയുടെ വേഷം.
ലക്ഷ്‌മിപ്പൂരിലെ ആദിവാസി ഗോത്രങ്ങളുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ചതായും അവരെ കൂടുതല്‍ അടുത്തറിയാനും അവരുടെ സംസ്‌കാരത്തെക്കുറിച്ച് മനസിലാക്കാനും കഴിഞ്ഞതായി പ്രിയങ്ക പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
ആസമില്‍ മാര്‍ച്ച് 27ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാമ്പയിന് തുടക്കം കുറിക്കാനാണ് പ്രീയങ്ക ഗാന്ധി ആസമില്‍ എത്തിയത്. 126 സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രില്‍ ഒന്നിന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും ഏപ്രില്‍ 6ന് അവസാനഘട്ട തിരഞ്ഞെടുപ്പും നടക്കും.