വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ ജീവിച്ച അദ്ധ്യാപകൻ; പ്രൊഫ. എംകെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.വീണ് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയയും ബാധിച്ചു.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാലു വർഷത്തോളം സ്‌കൂള്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ഗവൺമെന്റ് കോളേജുകളില്‍ അദ്ധ്യാപകനായി. 1958ല്‍ ആദ്യഗ്രന്ഥമായ ‘അഞ്ചു ശാസ്ത്ര നായകന്മാർ’ പ്രസിദ്ധീകരിച്ചു. 1960ല്‍ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറക്കി. 1983ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.

1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ചു. ബാലസാഹിത്യം, വിമർശനം, വ്യാഖ്യാനം, ജീവചരിത്രം തുടങ്ങി വിവിധ നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. ആത്മകഥ: കർമഗതി.

പരേതയായ എൻ. രത്നമ്മയാണ് ഭാര്യ. എം.എസ് രഞ്ജിത്ത്, എം.എസ് രേഖ, ഡോ.എം.എസ് ഗീത, എം.എസ് സീത, എം.എസ് ഹാരിസ് എന്നിവരാണ് മക്കള്‍. നാളെ രാവിലെ 9 മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദർശനം. 10 മണി മുതല്‍ എറണാകുളം ദർബാർ ഹാളിലും പൊതുദർശനത്തിന് അവസരമുണ്ടായിരിക്കും.

spot_img

Related Articles

Latest news