യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം

താമരശ്ശേരി : വളർത്തു നായകളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കേസ് ഉടൻ പിൻവലിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

ഇരുപതോളം വരുന്ന  നാട്ടുകാർക്കെതിര താമരശ്ശേരി പൊലീസ് കേസെടുത്ത നടപടിയിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

താമരശ്ശേരിക്കടുത്ത അമ്പായത്തോട്ടിലാണ് നായകളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ഇരുപതോളം വരുന്ന നാട്ടുകാർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് യുവതിയുടെ ജീവൻ തിരിച്ചു കിട്ടിയത് എന്ന സത്യം സി.സി. ടി.വി ദൃശ്യങ്ങളിലൂടെ പ്രകടമായതാണ്. സത്യം കൺമുന്നിൽ കണ്ടിട്ടും കണ്ണടച്ചിരുട്ടാക്കുന്ന പോലീസ് നടപടിക്കെതിരെ എല്ലാ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാണ്.

ഇതിന് മുമ്പും ഇതേ നായകൾ പ്രഭാകരൻ എന്നയാളെ മാരകമായി അക്രമിച്ചിരുന്നു. നാട്ടുകാരുടെ അന്നത്തെ പ്രതിഷേധത്തിന് വില കല്പിക്കാതെ നായകളെ വീണ്ടും അലസമായി തുറന്നിട്ട സമയത്താണ് കഴിഞ്ഞ ദിവസം യുവതിയെ മാരകമായി അക്രമിച്ചത്.

യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം ശൃഷ്ടിച്ച റോഷനെതിരെ ചെറിയ വകുപ്പ് ചുമത്തി അറസ്റ്റ് നാടകം കളിച്ച താമരശ്ശേരി പോലീസിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസീർ കക്കാട്ടുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് ഷാഫി സകരിയ ഉദ്ഘാടനം ചെയ്തു. മുജീബ് വേണാടി, മൻസൂർ ടി.സി, റഫീക് അമ്പായത്തോട്, നൗഫൽ വി.ഒ.ടി, അനസ് അമരാട് സംസാരിച്ചു. അസ്‌ലം കട്ടിപ്പാറ സ്വാഗതവും നാസർ ചമൽ നന്ദിയും പറഞ്ഞു.

വളർത്തു നായകളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ വിവിധ സെക്ഷനുകൾ ചേർത്ത് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പ്രതിയെ സംരക്ഷിക്കുന്നത് വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വീടുകളിൽ നായ്ക്കളെ വളർത്തുന്നതിനുവേണ്ട യാതൊരു ലൈസൻസോ, മൃഗങ്ങളെ വളർത്തുന്നതിന് ആവശ്യമായ പ്രതിരോധകുത്തിവെപ്പ് നടത്താതെയാണ് ഇദ്ദേഹം നായ്ക്കളെ വളർത്തുന്നതന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

നാട്ടുകാർക്കെതിരെ എടുത്ത കേസ് ഉടൻ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

spot_img

Related Articles

Latest news