കടലിനടിയിലും പ്രതിഷേധിച്ച്‌ ദ്വീപ് നിവാസികൾ

അഗത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം കടലിനടിയിലേക്കും വ്യാപിപ്പിച്ച്‌ ദ്വീപ് നിവാസികള്‍. ദ്വീപില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് അഗത്തിയില്‍ കടലിനടയിലും യുവാക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കരിങ്കൊടികളും ബാനറുകളുമായി കടലിനടിയില്‍ പ്രതിഷേധം നടത്തുകയായിരുന്നു.

അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനകീയ നിരാഹാര സമരം, സേവ് ലക്ഷദ്വീപ് തുടങ്ങിയ ബാനറുകളുമായാണ് യുവാക്കള്‍ പ്രതിഷേധം നടത്തിയത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെ ജനങ്ങള്‍ നിരാഹാരമിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങള്‍ക്കെതിരെ എതിരെ വിവിധ ദ്വീപുകള്‍ ഒരുമിച്ചു നടത്തുന്ന ആദ്യ ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുട്ടികളും രോഗികളല്ലാത്തവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ മുന്നിലും സമരം ഉണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ പ്ലക്കാര്‍ഡുകളും കരിങ്കൊടിയുമേന്തിയാണ്‌ സമരം. വന്‍കരകളിലുള്ള ദ്വീപുകാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രത്യക്ഷ സമരം ശക്തമാക്കുന്നു അതിനൊപ്പം തന്നെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ നിയമപോരാട്ടം മുന്നോട്ടു കൊണ്ടുപോകാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമ സഹായ സെല്‍ രൂപീകരിച്ചു. ഇതില്‍ ദ്വീപിലെയും വന്‍കരയിലെയും പ്രമുഖ അഭിഭാഷകരും നിയമ മേഖലയിലെ വിദഗ്ധരും അംഗങ്ങളാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളെ കോടതിയില്‍ എങ്ങനെ ചോദ്യം ചെയ്യാമെന്നാണ് നിയമ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്.അതേസമയം, പ്രതിഷേധം ശക്തമാകുമ്ബോഴും ദീപില്‍ തുടരെത്തുടരെ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കി വരികയാണ്. നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഭരണകൂടം നല്‍കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന നയങ്ങള്‍ നടപ്പിലാക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്ബോഴും ദ്വീപില്‍ ഇതുവരെയും അത് പ്രാവര്‍ത്തികമായില്ല.

ദ്വീപു നിവാസികള്‍ അല്ലാത്തവര്‍ ഇവിടെ നിന്ന് മടങ്ങണമെന്ന ഉത്തരവ് നടപ്പാക്കി തുടങ്ങിയതോടെ ഒത്തിരിപ്പേര്‍ കൂട്ടത്തോടെ മടങ്ങുകയാണ്. തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ എ ഡി.എം പാസ് പലര്‍ക്കും പുതുക്കി നല്കിയില്ല. ഇതോടെ നിര്‍മാണ പ്രവര്‍ത്തന മേഖലയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങി തുടങ്ങി.

അയ്യായിരത്തിലധികം പേര്‍ നിര്‍മ്മാണമേഖലയില്‍ പുറത്തുനിന്ന് പണിയെടുക്കുന്നുണ്ട്. ഇവര്‍ മടങ്ങി തുടങ്ങിയാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിക്കും. ദ്വീപിനെ ഒറ്റപ്പെടുത്താനും ആസൂത്രിത നീക്കമാണിതെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം.

spot_img

Related Articles

Latest news