മരുന്ന് ഉല്പാദനവും കുത്തകകള്‍ക്ക്
രണ്ടു പ്രമുഖ പൊതുമേഖല മരുന്നുകമ്പനികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്.ഡി.പി.എല്‍) എന്നിവയാണ് പൂട്ടുന്നത്. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിലെ (ഡി.ഒ.പി) പ്രമുഖ സ്ഥാപനങ്ങളാണിവ.
ആകെ അഞ്ചു പൊതുമേഖല സ്ഥാപനങ്ങളാണ് ഡി.ഒ.പിക്ക് കീഴിലുള്ളത്. മൂന്നെണ്ണത്തിന്റെ ഓഹരി വില്‍ക്കാനുമാണ് തീരുമാനം. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് (എച്ച്.എ.എല്‍), ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ബി.സി.പി.എല്‍), കര്‍ണാടക ആന്റിബയോട്ടിക് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ (കെ.എ.പി.എല്‍) എന്നിവയുടെ ഓഹരിയാണ് വില്‍ക്കുന്നത്.
ഐ.ഡി.പി.എല്‍, ആര്.ഡി.പി.എല്‍ ജീവനക്കാരെ വി.ആര്.എസ് നല്കി പിരിച്ചുവിടും. 2019ല്‍ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതിയാണ് കമ്പനികളുടെ അടച്ചുപൂട്ടല്‍, ഓഹരി- സ്വത്ത് വില്പന, ബാധ്യത ക്ലിയറന്‍സ് എന്നിവയില്‍ തീരുമാനമെടുത്തത്. പൊതുമേഖല കമ്പനികളുടെ പിന്മാറ്റം ആഭ്യന്തര മരുന്നുവിപണിയില്‍ കുത്തകകള്‍ പിടിമുറുക്കുന്നതിലേക്ക് നയിക്കും. പൊതുമേഖല സ്ഥാപനങ്ങളിലൂടെ ഉല്പാദിപ്പിച്ചിരുന്ന ജീവന്‍രക്ഷാ മരുന്നുകളാണ് ആഭ്യന്തരവിപണിയില്‍ മരുന്നു വില പിടിച്ചുനിര്‍ത്തിയിരുന്നത്.
മരുന്നുവില നിയന്ത്രണം മറികടക്കാന്‍ സ്വകാര്യ കമ്പനികള്‍ പല അടവുകളും പയറ്റുന്നതിനിടെയാണ് പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കി, കുത്തകകളെ സഹായിക്കാനുള്ള കേന്ദ്രതീരുമാനം. കോടികള്‍ വിറ്റുവരവുള്ള ഇന്ത്യന്‍ ഔഷധവിപണിയില്‍ നോട്ടമിട്ട് വിദേശ കമ്പനികള്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എച്ച്.എ.എല്‍ അടക്കം പ്രമുഖ പൊതുമേഖല മരുന്ന് ഉല്പാദക യൂനിറ്റുകള്‍ വൈകാതെ കുത്തകകളുടെ കൈകളിലെത്തും.
മരുന്നുകളുടെ ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കാന്‍ 2020ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. മരുന്നു ചേരുവകള്‍ക്ക് ചൈനയേയും മറ്റും ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) എന്ന പദ്ധതി. പി.എല്‍.ഐ നടപ്പാക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതുന്നത് പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കും.