റാന്നി : റാന്നിക്കാരുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കയാണ്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മാണം അവസാനഘട്ടത്തില്‍. റോഡ് നിര്‍മാണത്തിനുണ്ടായ 20 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടതാണ്. എന്നാല്‍, സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ നിര്‍മാണം ആരംഭിക്കാന്‍ വൈകുകയായിരുന്നു.
മൂവാറ്റുപുഴ മുതല്‍ തൊടുപുഴ വരെയുള്ള ഭാഗം നേരത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗം പുനരുദ്ധരിച്ചു എങ്കിലും പത്തനംതിട്ട ജില്ലയിലെ പണിയിൽ അടുത്ത കാലം വരെ പുരോഗതി ഉണ്ടായില്ല. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് രാജു എബ്രഹാം എംഎല്‍എ നിരന്തരം നിയമസഭയില്‍ സബ്മിഷനുകള്‍ ഉയര്‍ത്തിയിരുന്നു.
എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിരവധി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ലോക ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അങ്ങനെയാണ് പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും വീണ്ടും സമയം പുതുക്കി നിശ്ചയിച്ച് നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ ലോകബാങ്ക് സ്വീകരിച്ചത്.
പുനലൂര്‍ – കോന്നി , കോന്നി – പ്ലാച്ചേരി, പ്ലാച്ചേരി – പൊന്‍കുന്നം എന്നിങ്ങനെ മൂന്ന് റീച്ചുകളായി തിരിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിവരുന്നത് . റോഡിന്റെ വീതി കൂട്ടലും കലുങ്ക് നിര്‍മാണവും ഓട നിര്‍മാണവും വളവ് നിവര്‍ക്കലും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയായ മണ്ണാറക്കുളഞ്ഞി മുതല്‍ മന്ദിരം വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.
780 കോടി രൂപയാണ് ആകെ നിര്‍മാണ ചെലവ്. ഈ കെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ ചുമതല. പുനലൂര്‍ മുതല്‍ കോന്നി വരെ ആര്‍ ഡി എസ് കമ്പനിക്കും പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനുമാണ് നിര്‍മാണചുമതല. കുടിവെള്ള പൈപ്പുകളും ഇലക്‌ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നത് നടന്നുവരികയാണ്.