കണ്ണൂർ :പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ജില്ലയിലെ 19 വീടുകളുടെ ഗൃഹപ്രവേശനവും താക്കോല്‍ ദാനവും വ്യാഴാഴ്ച (സപ്തംബര്‍ 16) നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലാണ് പൂര്‍ത്തീകരിച്ച വീടുകളുള്ളത്.
ഫിഷറീസ് വകുപ്പ് തീരദേശ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ വീട് നിര്‍മ്മിക്കുന്ന ബൃഹദ്പദ്ധതിയാണ് പുനര്‍ഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയുമുള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് 50 മീറ്ററിനു പുറമേ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപയും ആ സ്ഥലത്ത് ഭവന നിര്‍മ്മാണം നടത്തുന്നതിനായി നാല് ലക്ഷം രൂപയും ചേര്‍ത്ത് ആകെ 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിനും ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ്, റസിഡന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിനും അവസരമുണ്ട്.
സര്‍വ്വേ പ്രകാരം ജില്ലയില്‍ ആകെ 1583 കുടുംബങ്ങള്‍ തീരദേശ 50 മീറ്ററിനുളളില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതില്‍ 289 കുടുംബങ്ങള്‍ വേലിയേറ്റ രേഖയില്‍ നിന്നും മാറി താമസിക്കുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 76 ഗുണഭോക്താക്കള്‍ കണ്ടെത്തിയ സ്ഥലത്തിന്റെ വില റവന്യൂ വകുപ്പില്‍ നിന്നും നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 65 പേര്‍ ഭവന നിര്‍മ്മാണത്തിനായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷനും എട്ട് പേര്‍ കണ്ടെത്തിയ സ്ഥലത്തിന്റെയും വീടിന്റെയും രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ആകെ 73 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ആനുകൂല്യം അനുവദിച്ച 73 ഗുണഭോക്താക്കളില്‍ 22 ഗുണഭോക്താക്കള്‍ക്ക് പദ്ധതി ധനസഹായം മുഴുവനായും അനുവദിക്കുകയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ സുധാകരന്‍ എംപി, രാമചന്ദ്രന്‍ കടന്നപ്പളളി എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും. പുന്നോല്‍ പളേളരി ലക്ഷ്മി അമ്മ മെമ്മോറിയല്‍ യു പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ, കാപ്പിലെപീടിക അഴീക്കോട് എല്‍ പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെ വി സുമേഷ് എംഎല്‍എ, മാടായി മത്സ്യഭവനില്‍ നടക്കുന്ന പരിപാടിയില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.
Mediawings: