ദില്ലി: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയില്‍ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം.
രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കാൻ നിർദേശം. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഖത്തറിലെത്തി ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു ഷെയിക് ഹമദ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ‘ഫാദർ അമീർ’ എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശൈഖ് ഹമദ് ദീർഘവീക്ഷണമുള്ള ഒരു നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ഖത്തർ മുൻ അമീർ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയില്‍ ഞാൻ ഖത്തർ സന്ദർശിച്ച വേളയില്‍ അദ്ദേഹത്തെ നേരില്‍ കാണാൻ സാധിച്ച കാര്യം ഓർക്കുന്നു. ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹം’- മോദി കുറിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിക്കും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അല്‍ഥാനി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 1995 മുതല്‍ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് 2013-ല്‍ ഭരണം തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. ശൈഖ് ഹമദിന്റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തില്‍ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.

