കേരളത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്റീന് തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഏഴ് ദിവസം ക്വാറന്റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയര്‍സുവിധയില്‍ അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഈ സാഹചര്യത്തില്‍ നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേർക്കുന്നു.
യാത്രക്ക് മുന്‍പ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.
യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി പി.സി.ആര് ടെസ്റ്റിന്റെ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്റെ കോപ്പി കൈയില്‍ കരുതണം (മൊബൈലില്‍ കാണിച്ചാല്‍ പോര).
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല.
നാട്ടിലെ വിമാനത്തവളങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും.
എയര്‍ലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അതില്‍ ചിലപ്പോള്‍ നിങ്ങളുമുണ്ടാകാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല
എല്ലാ യാത്രക്കാരും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.
എട്ടാം ദിവസം ആര്.ടി പി.സി.ആര് എടുത്ത ശേഷം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം.
നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.
പോസിറ്റീവാകുന്നവര്‍ ഐസോലേഷനില്‍ കഴിയണം. ഇവരുടെ റിസല്‍ട്ട് കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയക്കും.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഗള്‍ഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയില്‍ ഇല്ല.
കടല്‍ മാര്‍ഗവും കരമാര്‍ഗവും എത്തുന്നവര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.