ഇന്ത്യന്‍ എംബസി ട്വിറ്ററിലേക്ക് ചോദ്യപ്രവാഹം.

റിയാദ്- ഇന്ത്യന്‍ എംബസി നല്‍കുന്ന ഏതു ട്വീറ്റിനു താഴെയും പ്രവാസികളുടെ പ്രതികരണം സൗദി-ഇന്ത്യ വിമാന സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച ചോദ്യത്തില്‍ കേന്ദ്രീകരിക്കുന്നു. എംബസി നല്‍കിയ ഏറ്റവും ഒടുവിലത്തെ ട്വീറ്റ് സൗദി ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഞായറാഴ്ച നടക്കുന്ന വെബിനാറിനെ കുറിച്ചാണെങ്കിലും പ്രവാസി ഇന്ത്യക്കാരുടെ കമന്റുകള്‍ വിമാന സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ചാണ്.

രണ്ടാമത്തെ വിഷയം ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദി ആപ്പില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ ശ്രമിക്കുന്നവരില്‍ പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ സൗദി എംബസി അറ്റസ്റ്റ് ചെയ്യണമെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നത്.

 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സൗദി-ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് എല്ലാ ശ്രമങ്ങളും തുടരുന്നതായി അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ ഈയിടെ സൗദി വിദേശമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് സൗദി എംബസി ഇതുവരെ നല്‍കിയിട്ടില്ല.

 

വിമാന സര്‍വീസ് ഏതു സമയത്തും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍. ഈ കാത്തിരിപ്പില്‍ പലര്‍ക്കും സൗദിയിലെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. സൗദിയിലേക്ക് വിമാന സര്‍വീസുള്ള മറ്റു രാജ്യങ്ങളില്‍ 14 ദിവസം തങ്ങി സൗദിയിലേക്ക് വരാന്‍ മാര്‍ഗമുണ്ടെങ്കിലും വലിയ പണച്ചെലവാണ് വരുന്നത്. സൗദിയിലേക്ക് വരുന്നതിന് പുറപ്പെട്ട് ഇത്തരം രാജ്യങ്ങളില്‍ യാത്രാ നയങ്ങളില്‍ മാറ്റം വരുമ്പോള്‍ അവിടെ കുടുങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്.

 

സൗദി അധികൃതരില്‍നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനാല്‍തന്നെ വിമാന സര്‍വീസ് എന്നു തുടങ്ങുമെന്ന് വെളിപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായതയിലാണ് ഇന്ത്യന്‍ എംബസി. ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അംബാസഡര്‍ അവകാശപ്പെടുന്നത്.

 

 

 

.

spot_img

Related Articles

Latest news