ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തുപകര്‍ന്ന് റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മെറിഗ്‌നാക് മിലിട്ടറി എയര്‍ ബേസില്‍നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ ആണ് മറിന്യാക് എയര്‍ ബേസില്‍നിന്ന് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
അതേസമയം, എത്ര വിമാനങ്ങളാണ് എത്തിയതെന്ന് ഇന്ത്യന്‍ എംബസിയോ വ്യോമസേനയോ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വരെ 8,000 കിലോമീറ്റര്‍ ദൂരമാണ് വിമാനങ്ങള്‍ നിര്‍ത്താതെ പറന്നത്. എത്ര വിമാനങ്ങളാണ് എത്തിയതെന്ന് എയര്‍ഫോഴ്‌സ് അറിയിച്ചിട്ടില്ല. ആദ്യബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂലൈ 29ന് എത്തിച്ചിരുന്നു. രണ്ടാം ബാച്ചിലെ മൂന്ന് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ നവംബറിലുമെത്തിയിരുന്നു.
36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016ല്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. അഞ്ചുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം എയര്‍ ചീഫ് മാര്‍ഷല്‍ ബദൂരിയ റഫേല്‍ വിമാനപരിശീലന കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ജെറ്റുകള്‍ യഥാസമയം വിതരണം ചെയ്തതിന് ഫ്രഞ്ച് എയ്‌റോസ്‌പേസ് വ്യവസായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.