കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജില്‍ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയ അഞ്ചുപേർ അറസ്റ്റില്‍.കോട്ടയം ഗാന്ധിനഗർ സ്കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കും.
അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കോളജില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് ഇവർക്കെതിരെ കോളേജ് പ്രിൻസിപ്പാള്‍ നടപടി എടുത്തത്. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയത്.
മൂന്നു മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വർഷ വിദ്യാർഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറില്‍ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയില്‍ പറയുന്നു.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷൻ തേക്കുകയും ചെയ്തതു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്.ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.