വയനാടോ റായ്ബറേലിയോ ? ഏത് മണ്ഡലം ഒഴിയുമെന്ന് പറയാതെ രാഹുല്‍; താൻ വലിയ ധര്‍മ്മസങ്കടത്തിലെന്നും പ്രതികരണം

കല്‍പ്പറ്റ: താനൊരു വലിയ ധർമ്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധി.വയനാട് തുടരണോ റായ് ബറേലി തുടരണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാത്ത രാഹുല്‍ എവിടെ തുടരണമെന്ന് ജനങ്ങളോട് ചോദിച്ചു.വയനാട് മണ്ഡലത്തില്‍ വോട്ടർമാരോട് നന്ദി പറയാൻ എത്തിയതായിരുന്നു രാഹുല്‍.

ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പില്‍ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുല്‍ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുസ്ലീം ലീഗിന്റെയും എംഎസ്‌എഫിന്റെയും ഉള്‍പ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

പ്രിയങ്ക ഗാന്ധിയുമെത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും രാഹുല്‍ ഒറ്റയ്ക്കാണ് എത്തിയത്. വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്.

spot_img

Related Articles

Latest news