പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍ പോളിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി.പോളിന്‍റെ കുടുംബവുമായി സംസാരിച്ച രാഹുല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് വാക്കുനല്‍കി. വയനാട് മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാസൗകര്യങ്ങള്‍ ഇല്ലെന്ന് പോളിന്‍റെ മകള്‍ സോന പറഞ്ഞു. ആരും ഇവിടെ ചികിത്സ കിട്ടാതെ മരിക്കരുതെന്നും സോന ആവശ്യപ്പെട്ടു. വീട് പുതുക്കി പണിയണമെന്ന ആവശ്യം അടക്കം പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പണം അല്ല ആഗ്രഹിച്ചത്, ആളെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ നഷ്ടപരിഹാരം ഒന്നും വേണ്ടിയിരുന്നില്ലെന്ന് പോളിന്‍റെ ഭാര്യ സാലി മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിലെ അനാസ്ഥയാണ് ജീവന്‍ നഷ്ടമാകാന്‍ കാരണം. ഇവിടുത്തെ മെഡിക്കല്‍ കോളജ് വെറുതെയാണ്. അല്ലെങ്കില്‍ എന്തിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സ കിട്ടാത്തത് കൊണ്ടുതന്നെയാണ് മരിച്ചത്. മിനുട്ടുകള്‍ കൊണ്ട് പത്തുരോഗികളെ ചീട്ട് എഴുതി വിടുകയാണ് ഇവിടെ- സാലി കൂട്ടിച്ചേര്‍ത്തു.
“സുഖമില്ലാത്ത ആളാണ് ഞാന്‍. മാസം ആറായിരം രൂപയുടെ മരുന്നാണ് കഴിക്കുന്നത്. മകളുടെ വിദ്യാഭ്യാസവും മറ്റു ചിലവും പോളിന്‍റെ വരുമാനത്തിലാണ് നടന്നിരുന്നത്. പഞ്ചായത്ത് വക ലഭിച്ച വീടാണ്. പണികള്‍ ഇനിയും പൂര്‍ത്തിയാകാന്‍ ഉണ്ട്. നഷ്ടപരിഹാരം സര്‍ക്കാര്‍ തരണമെന്ന് അപേക്ഷിക്കുന്നു. ഒരാഴ്ചയായി പോളിന് പണി ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പണിക്ക് പോയത്. അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ആളെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചു പോകുമായിരുന്നു” സാലി വൈകാരികമായി പറഞ്ഞു.
അടുത്തിടെ കാട്ടാന ആക്രമണത്തില്‍ മരിച്ച അജിയുടെ കുടുംബത്തെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. നിരവധിപ്പേരാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്.