പത്തനംതിട്ട: ലൈംഗിക ചൂഷണ ആരോപണവുമായി ബന്ധപ്പെട്ട് രാജി ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.കോണ്‍ഗ്രസ് പാർട്ടി പ്രതിസന്ധിയിലാകരുതെന്നും പാർട്ടി പ്രവർത്തകർ തലകുനിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ട്രാൻസ് വുമണ്‍ അവന്തികയുടെ ആരോപണവുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് രാഹുല്‍ പുറത്തുവിട്ടത്. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിക്കുന്നതും, ആരോപണം ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നതുമാണ് സംഭാഷണത്തിലുള്ളത്.
‘ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നും പരാതി ഉണ്ടോ എന്ന് ചോദിച്ചതായും അവന്തിക പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമായിട്ടു തോന്നിയെന്ന് അവന്തിക പറഞ്ഞു. അവന്തിക തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും രാഹുല്‍ പറഞ്ഞു.
രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താൻ രാഹുല്‍ തയ്യാറായില്ല. അതേസമയം, രാഹുലിന്റെ രാജിയില്‍ കെപിസിസി നിയമോപദേശം തേടാനൊരുങ്ങിയെന്നാണ് വിവരം. രാഹുല്‍ രാജിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതില്‍ ഉപദേശം തേടും. രാഹുല്‍ മാങ്കൂത്തിലിൻറെ രാജിയില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, രാഹുലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.