തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഘടന തിരഞ്ഞെടുപ്പില്‍ 2,21,986 വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയാണ് രാഹുല്‍ അധ്യക്ഷ പദവിയില്‍ എത്തുന്നത്.നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ്. 1,68,588 വോട്ടുകള്‍ നേടി അബിൻ വര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്.
അബിൻ, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. തിരഞ്ഞെടുപ്പ് ഫലത്തില്‍ വളരെ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഫലം അറിയാൻ ഉമ്മൻചാണ്ടി സാറില്ലാത്ത വിഷമം മാത്രമാണ് ആദ്യമേയുള്ളത്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സന്തോഷിക്കുന്ന ദിവസമായേനെയെന്ന് രാഹുല്‍ പറഞ്ഞു.
‘കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവും അധികം വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥി ഞാനാണെന്ന അറിഞ്ഞതില്‍, കേരളത്തിലെ എല്ലാ പ്രവര്‍ത്തകരോടുള്ള വലിയ കടപ്പാടും നന്ദിയും അറിയിക്കുന്നു. വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തിയിലൂടെ തെളിയിക്കേണ്ടതാണ്. വളരെ സന്തോഷം’- രാഹുല്‍ പറഞ്ഞു.
7,29,626 വോട്ടുകളായിരുന്നു സംഘടന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ അസാധുവായിരുന്നു. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായിരുന്നു അബിൻ വര്‍ക്കി. അബിൻ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെസി വേണുഗോപാല്‍ പക്ഷം സ്ഥാനാര്‍ത്ഥിയെ പിൻവലിച്ചിരുന്നു.