അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബിജെപി നീതി നടപ്പാക്കും ; പിഎസ്സി പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറി
കോട്ടയം: അമേഠിയില്‍ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ച രാഹുല്‍ഗാന്ധി കേരളത്തിലും പരാജിതനാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു കഴിഞ്ഞു. എല്ലാ സ്ഥലത്തും പരാജിതനായ കോണ്‍ഗ്രസിന്റെ നേതാവാണോ കേരളത്തില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.
കേരളത്തിലെ ബിജെപിയുടെ ശക്തി ജീവന് കൊടുത്ത 300 ഓളം പ്രവര്‍ത്തകരുടെ ബലിദാനമാണ്. വിജയയാത്രയുടെ ഭാഗമായതില്‍ സന്തോഷിക്കുന്നു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ഹൃദയം കവരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ അഴിമതിയുടേയും കുറ്റകൃത്യത്തിന്റെയും കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും പരസ്പര സഹായ മുന്നണികളാണ്. ഇന്ത്യയില്‍ മത്സ്യബന്ധനത്തിന് ഒരു വകുപ്പ് ഉണ്ടാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ നരേന്ദ്രമോദി ഫിഷറീസ് വകുപ്പും അതിന് മന്ത്രിയേയും വെച്ചുകഴിഞ്ഞു. രാഹുല്‍ നുണ പറയുകയാണ് എന്നും സ്മൃതി ഇറാനി ആരോപിച്ചു.
അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്ന് പറഞ്ഞ ബിജെപി തന്നെയാണ് ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നത്. അത് നടന്നിരിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. കൊവിഡ് മഹാമാരിയുടെ കാലത്ത് ബിജെപിയും കേന്ദ്രസര്‍ക്കാറും ജനങ്ങള്‍ക്കൊപ്പം നിന്നു. 80 കോടി ജനങ്ങള്‍ക്ക് അന്നമൂട്ടാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. രണ്ട് കോടിയിലധികം വീടുകളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിര്‍മ്മിച്ചത്. ഇതില്‍ 45,000 വീടുകള്‍ കേരളത്തിലാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം നടപ്പിലാക്കി. കേരളത്തിലെ 32,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
പിഎസ്സി സിപിഎമ്മിന്റെ പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറിയെന്നും സ്മൃതി വിമര്‍ശനം നടത്തി. ആഴക്കടല്‍ മത്സ്യബദ്ധനത്തിന്റെ പേരില്‍ 5000 കോടിയുടെ അഴിമതി നടത്തിയത് ആരാണ് എന്ന് സ്മൃതി ഇറാനി ചോദിച്ചു. പാര്‍ട്ടിക്കാരോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ? തന്റെ ഓഫീസില്‍ നടന്ന സ്വര്‍ണ്ണക്കടത്തിനെ പറ്റിയും കരാറുകളെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയില്ല. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ എന്തിന് ജയിപ്പിക്കണം എന്നും കേന്ദ്ര മന്ത്രി ചോദിച്ചു. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു.