ന്യൂഡൽഹി: ബിജെപിയെ ഭയപ്പെടുന്ന കോണ്‍ഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ് ആശയത്തിൽ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യൽ മീഡിയ യോഗത്തിലായിരുന്നു രാഹുലിന്റെ നിർദേശം.
സത്യം സംസാരിക്കാൻ ഭയമില്ലാത്ത ധാരാളം ആളുകൾ ഉണ്ട്. പാർട്ടിക്ക് പുറത്തുള്ള ഈ ധീരന്മാരെ കോണ്‍ഗ്രസിലെത്തിക്കണം. എന്നാൽ സത്യം സംസാരിക്കാൻ ഭയപ്പെടുന്നവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 3,500 പ്രവർത്തകരാണ് വെർച്വൽ യോഗത്തിൽ പങ്കെടുത്തത്.
പാർട്ടിയുടെ ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിൽ പ്രവർത്തകർ ഉറച്ചു നിൽക്കണമെന്ന് കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവി രോഹൻ ഗുപ്ത പറഞ്ഞു. സർക്കാരിന്റെ തെറ്റുകൾക്കെതിരെ പോരാടണമെന്ന് രാഹുൽ പ്രവർത്തകരോട് ആവശ്യപ്പെട്ടുവെന്ന് ഗുപ്ത പറഞ്ഞു.
സത്യം സംസാരിക്കാനുള്ള ഈ ശ്രമങ്ങൾ ഇന്ന് അല്ലെങ്കിൽ നാളെ ഫലം കാണുമെന്നും രാഹുൽ പറഞ്ഞു.