രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി. കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലുണ്ടായിരുന്ന നേതാവായിരുന്നു ജിതിന്‍ പ്രസാദ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിന്റെ ചുമതല വഹിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോണ്‍ഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് 47കാരനായ ജിതിന്‍ പ്രസാദ. 2019ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെട്ടിരുന്നു. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തില്‍ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിയില്‍ ചേരുന്നതിന്​ തൊട്ടു മുമ്പ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടി​ക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ്​ ഗോയലുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്​തിരുന്നു. മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറില്‍ സ്റ്റീല്‍, പെട്രോളിയം, ​പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

മികച്ച വ്യക്തികളിലൊരാള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി ബിജെപിയില്‍ ചേരുമെന്ന്​ ബിജെപി എംപിയും വക്താവുമായ അനില്‍ ബലൂനി ട്വീറ്റ്​ ചെയ്​തിരുന്നു.ഉത്തര്‍പ്രദേശ്​ കോണ്‍ഗ്രസിലെ ന​ട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജിതിന്‍ പ്രസാദയുടെ ബിജെപിയിലേക്കുള്ള ചേക്കേറല്‍. കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചുമതല ഹൈക്കമാന്‍ഡ് നല്‍കിയത് ജിതിനായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ധൗറയില്‍ നിന്നാണ് ജിതിന്‍ പ്രസാദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

spot_img

Related Articles

Latest news