അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചു; ട്രെയിൻ ബസിലേക്ക് പാഞ്ഞുകയറി ദുരന്തം

 

ചെന്നൈ അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂള്‍ ബസ് ഡ്രൈവർ നിർബന്ധിച്ചതാണ് കടലൂരിലെ ട്രെയിൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.ട്രെയിൻ സ്കൂള്‍ വാനിലിടിച്ച്‌ വിദ്യാർഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം. ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയില്‍വേ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയില്‍വേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടലൂരിലെ റെയില്‍വേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്കൂള്‍ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ ബസ് എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.

വില്ലുപുരം-മയിലാടുതുറൈ പാസഞ്ചർ ട്രെയിൻ താമസിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ഗേറ്റ് തുറക്കാൻ ഡ്രൈവർ ജീവനക്കാരനെ നിർബന്ധിച്ചതായാണ് റെയില്‍വേ അധികൃതർ പറയുന്നത്. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. റെയില്‍വേ ഗേറ്റ് കടന്നു പോകാൻ ആ സമയം സ്കൂള്‍ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് വളവായതിനാല്‍ ട്രെയിൻ വരുന്നത് ഡ്രൈവർ കണ്ടില്ല. ഇടിയുടെ ആഘാതത്തില്‍ സ്കൂള്‍ ബസ് പൂർണമായും തകർന്നു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും എത്തി പരുക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്.

രക്ഷാപ്രവർത്തനത്തിന് എത്തിയ ഒരാള്‍ക്ക് പൊട്ടിക്കിടന്ന റെയില്‍വേ ലൈനില്‍നിന്ന് ഷോക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാൻ ഡ്രൈവർ നിർബന്ധിച്ചാലും ഗേറ്റ് കീപ്പർ ഗേറ്റ് തുറക്കാൻ ചട്ടപ്രകാരം പാടില്ലായിരുന്നുവെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. ഗേറ്റ് കീപ്പർ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ റെയില്‍വേ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവരെ റെയില്‍വേ ഡോക്ടർമാരും പരിശോധിക്കുന്നുണ്ട്.

ആവശ്യമെങ്കില്‍ ഇവരെ പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും റെയില്‍വേ നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരുക്കേറ്റവർക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news