റെയില്‍വേ സ്വകാര്യ നിക്ഷേപം അനിവാര്യം : റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. സേവനങ്ങള്‍ മെച്ചപ്പെടാന്‍ റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ റെയില്‍വേയ്‌ക്കുള്ള ഉപധനാഭ്യര്‍ത്ഥന ബില്ലിന്റെ ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റെയില്‍വേയിലെ സ്വകാര്യവത്‌കരണം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ നമ്മുടെ റോഡുകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം മതിയെന്ന് ആരും പറയില്ല. സാമ്പത്തിക വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും റെയില്‍വെയിലും സ്വകാര്യവത്കരണം അനിവാര്യമാണെന്നും എങ്കിലും റെയില്‍വേ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തുടരുമെന്നും റെയില്‍വേ മന്ത്രി ചൂണ്ടിക്കാട്ടി.

പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യന്‍ റെയില്‍വേ എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അത് തുടരും. റെയില്‍വേ എക്കാലവും സര്‍ക്കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസമാകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news