അതിശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ മേഖലയില്‍ വ്യാപകമായി മണ്ണിടിയുന്നു. മൂന്നാര്‍ ഗവ. കോളേജിനു സമീപം മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ച് ഗതാഗതം പൂര്‍ണമായി നിലച്ചു. 25 അടി ഉയരത്തില്‍ നിന്നും കൂറ്റന്‍ പാറകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു.
മൂന്നാറില്‍ നിന്നും മണ്ണ് മാന്തി യന്ത്രം എത്തിച്ച് പാറകളും മണ്ണും നീക്കം ചെയ്തു. മണ്ണിടിഞ്ഞ സ്ഥലത്തുള്ള കെട്ടിടം ഏതു നേരത്തും താഴേയ്ക്ക് പതിക്കാവുന്ന നിലയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
2018 ല്‍ മഹാപ്രളയത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കോളേജിന്റെ നാല് കെട്ടിടങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍പ്പെട്ടിരുന്നു. മൂന്നാര്‍ – ഉദുമല്‍പ്പേട്ട റോഡില്‍ നയമക്കാട് ഒന്‍പതാം മൈലിനു സമീപത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ശബരിമല–-പളനി ദേശീയപാത പോകുന്ന മറയൂര്‍ എട്ടാംമൈലിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.
മൂന്നാറില കഴിഞ്ഞദിവസം മാത്രം 11.96 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. ഒന്നു മുതല്‍ 22 വരെ ആകെ പെയ്തത് 98.83 സെ.മീ. മഴ. 2020 ല്‍ ഈ കാലയളവില്‍ 46.43 സെ.മീ. മഴ മാത്രമാണ് രേഖപ്പെടുത്തിയത്. 20ന് 1.64 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ 21 ന് 12 സെ.മീറ്ററും 22 ന് 14.30 സെ.മീ. മഴയും രേഖപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് തേയില തോട്ടത്തില്‍ പണികള്‍ നിര്‍ത്തിവച്ചു.