കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്ബനാട്ട് കായലില്‍ പോകുകയും കായയില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭവന നല്‍കണം’.
നരേന്ദ്രമോദിയുടെ ഈ വാക്കുകള്‍ മാറ്റി മറിച്ചത് കുമരകം മഞ്ചാടിക്കരി രാജപ്പന്റെ ജീവിതമാണ്. വള്ളത്തില്‍ പോയി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന രാജപ്പന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം. വെള്ളപ്പെക്കത്തില്‍ തകര്‍ന്ന കുടിലിനു പകരം മനോഹരമായ വീട് . കൊതുമ്ബുവള്ളത്തിനു പകരം സ്വന്തമായി 5 ഫൈബര്‍ ബോട്ടുകള്‍.
രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.
ഈ ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്ബോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് ഒടുവില്‍ രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു.