ചെന്നൈ: എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് തമിഴ്‌നാട് മുന്‍മന്ത്രി കെടിരാജേന്ദ്ര ബാലാജി. ബസുകളില്‍ പുരുഷന്മാര്‍ക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.
പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര വരുന്നതോടെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടൊത്തും യുവാക്കള്‍ക്ക് തങ്ങളുടെ കമിതാക്കള്‍ക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് വിശദീകരണം. സ്ത്രീകള്‍ക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകള്‍ സൗജന്യമായി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ പണം കൊടുത്ത് മറ്റു ബസുകളില്‍ പോകേണ്ട അവസ്ഥയാണെന്നും മുന്‍ മന്ത്രി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മെയ് അഞ്ചിന് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എംജിആര്‍ മോഡലില്‍ തമിഴ്‌നാടിന്റെ ഭരണം കൊണ്ടുപോകാന്‍ പളനിസ്വാമിക്ക് മാത്രമേ കഴിയുകയുള്ളുവെന്നും ഡിഎംകെയെ തോല്‍പ്പിച്ച് അണ്ണാ ഡിഎംകെ അധികാരമേറുന്ന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകുമെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു

