റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ച റിയാദിലെ പ്രമുഖ സാമൂഹ്യ–ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു പാപ്പുള്ളി, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു രാജു പാപ്പുള്ളി. ഒഐസിസിയുടെ പ്രാരംഭകാലം മുതൽ സംഘടനയുമായി സജീവമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം, സംഘടനയുടെ വളർച്ചക്കും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തലിനും നിർണായക പങ്കുവഹിച്ച നേതാവായിരുന്നുവെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ–ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രാജു പാപ്പുള്ളിയുടെ വിയോഗം ഒഐസിസിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ബത്ഹ സബർമതിയിൽ നടന്ന അനുശോചന യോഗത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രഭാഷണം നടത്തി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അനുശോചന പ്രഭാഷണം നടത്തി.
യോഗത്തിൽ വിവിധ ഭാരവാഹികളും പ്രവർത്തകരുമായ മുഹമ്മദലി മണ്ണാർക്കാട്, അഡ്വ. അജിത്ത്, ശിഹാബ് കരിമ്പാറ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, ഷംനാദ് കരുനാഗപ്പള്ളി, ജോൺസൺ മാർക്കോസ്, ഷഹീർ കോട്ടക്കട്ടിൽ, അബ്ദുൽ കരിം കൊടുവള്ളി, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, ബഷീർ കോട്ടക്കൽ, സിദ്ധിഖ് കല്ലുപറമ്പൻ, ബഷീർ കോട്ടയം, നാസർ വലപ്പാട്, ഒമർ ഷെരീഫ്, ഷാജി മഠത്തിൽ, ഹരീന്ദ്രൻ കണ്ണൂർ, അൻസായി ഷൗക്കത്ത്, റഫീഖ് പട്ടാമ്പി, രാജു തൃശൂർ, അബുബക്കർ പാലക്കാട്, ഹകീം പട്ടാമ്പി, സൈനുദ്ധീൻ, അൻസാർ, അനസ് കൂട്ടുപാത, ജോസ് ജോർജ്, മുഹമ്മദലി പെരുവെമ്പ്, ഷാജഹാൻ, ഹുസൈൻ, മുസ്തഫ വിളയൂർ തുടങ്ങിയവർ രാജു പാപ്പുള്ളിയുമായി പങ്കിട്ട ഓർമകൾ പങ്കുവെച്ച് അനുസ്മരിച്ചു.
അനുശോചന യോഗം രാജു പാപ്പുള്ളിയുടെ ആത്മാവിന് ശാന്തി നേരുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

