രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്:കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല.

ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരിയും പങ്കെടുക്കില്ല.എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

അയാധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് ബിജെപിയും ആര്‍എസ്‌എസ്സും ഉപയോഗിക്കുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ബിജെപിയും ആര്‍എസ്‌എസ്സും ദീര്‍ഘകാലമായി രാമക്ഷേത്രമെന്ന രാഷ്ട്രീയപദ്ധതി തയ്യാറാക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിനാല്‍ സുപ്രീം കോടതിവിധി മാനിച്ചുകൊണ്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ടും ഖാര്‍ഗെയും സോണിയയും അധീര്‍ രഞ്ജനും ബഹുമാനത്തോടെ ക്ഷണം നിരസിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആര്‍.എസ്സിന്റെയും ബിജെപിയുടെയും ചടങ്ങ് മാത്രമാണിതെന്നും പ്രസ്താവനയില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്ന് നേതാക്കളെയും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകര്‍ ക്ഷണിച്ചത്. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാൻ വൈകിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച്‌ പലതവണ ചോദ്യം ഉന്നയിച്ചപ്പോഴും ഉചിതമായ സമയത്ത് തീരുമാനമെടുക്കും എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നത്.

spot_img

Related Articles

Latest news