ലക്നോ: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി നടന്നതായി ആരോപണം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച രാം മന്ദിര്‍ ട്രസ്റ്റിനെതിരെ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയുമാണ് രംഗത്തെത്തിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് അഴിമതി നടന്നതെന്ന് പാര്‍ട്ടികള്‍ ആരോപിക്കുന്നു. രണ്ട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങുകയും മിനിറ്റുകള്‍ക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നുമാണ് ആരോപണം. എന്നാല്‍ ട്രസ്റ്റ് ആരോപണത്തെ തള്ളിയിട്ടുണ്ട്.
പ്രാദേശിക ബിജെപി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി എംഎല്‍എ പവന് പാണ്ഡെ അയോധ്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാമക്ഷേത്രത്തിനു സമീപമുള്ള ഭൂമി ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിന്റെ രേഖകളും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചു. രണ്ട് ഇടപാടുകളുടെയും സ്റ്റാമ്പ് ഡ്യൂട്ടി പേപ്പറുകളുണ്ടെന്നും അയോധ്യ മേയറും ട്രസ്റ്റില്‍ അംഗമായൊരാളും സാക്ഷികളാണെന്നും പവന് പാണ്ഡെ പറഞ്ഞു.
മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തിന്റെ വില രണ്ട് കോടിയില്‍ നിന്ന് 18.5 കോടി രൂപയായി ഉയര്‍ന്നു. ഇതിനര്‍ത്ഥം 16.5 കോടിയുടെ അഴിമതി നടന്നു എന്നാണ്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്ര ട്രസ്റ്റിന് കോടിക്കണക്കിന് ജനങ്ങളാണ് സംഭവാന നല്‍കിയത്. ഈ സംഭാവനയില്നിന്നാണ് പണം കവര്‍ന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തിയാണിതെന്നും പവന് പാണ്ഡെ പറഞ്ഞു.
ആം ആദ്മി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗും മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു.