ആർട്ടിക്കിൾ:- അബ്ദുൽ കലാം ആലംങ്കോട്
പരിശുദ്ധമായ റമദാൻ മാസം അഗതമാകുകയാണ്. ഒരു നന്മ ചെയ്താൽ ഒന്നിന് എഴുപതിനായിരം ഇരട്ടി പ്രതിഫലം കിട്ടുന്ന മാസമാണിത്. അത് കൊണ്ട് തന്നെ വിശ്വാസികൾ ആരാധന കർമ്മങ്ങൾ അധികരിക്കുന്നതോടൊപ്പം തന്നെ സക്കാത്ത് ( ദാന ധർമ്മം )വർധിപ്പിക്കുന്ന മാസം കൂടിയാണിത്. ഉള്ളവർ കഴിവിനനുസരിച്ചു നിർബന്ധമായി സക്കാത്ത് കൊടുക്കണമെന്നാണ് വിധി. എന്നാൽ ഇന്ന് നാട്ടിലായാലും ഇവിടെ പ്രവാസ നാട്ടിലായാലും ഈ വിശ്വാസത്തെ മുതലെടുത്ത് പല വേഷങ്ങളും കെട്ടി പലകൃത്രിമ രേഖകളുംഉണ്ടാക്കി വിശ്വാസികളുടെവിശ്വാസത്തെ മുതലെടുക്കാൻ ഈ മാസം കുറേ പേരെങ്കിലും ശ്രമിക്കുന്നുണ്ടാകും. കൊടുക്കുന്നവന് കൊടുത്തതിന്റെ പ്രതിഫലം കിട്ടുമെങ്കിലും അത് അർഹതപ്പെട്ട ആളുകളിൽ നിന്നും ഇക്കൂട്ടർ തട്ടിയെടുക്കുന്നു എന്നതാണ് ഇന്ന് നാം കാണുന്നത്.
“ഒരാൾ കുതിരപ്പുറത്തു വന്ന് കൊണ്ട് നമ്മുടെ അടുത്ത് വന്ന് സഹായം അഭ്യർത്ഥിച്ചാലും അവരെ നിരാശരാക്കി മടക്കി അയക്കരുത് ”എന്ന പ്രവാചക കല്പന അറിയുന്നവരാണ് ഇങ്ങനെ ദാന ധർമ്മം കൊടുക്കുന്നത്. എന്നാൽ ഇന്ന് ഇങ്ങനെ കൊടുക്കുന്ന ധനം കൂടുതലും ഭിക്ഷാടന മാഫിയയുടെ കൈകളിലാണ് എത്തപ്പെടുന്നത് എന്നതാണ് സത്യം. നോമ്പ് കാലമായാൽ സ്വദേശത്തും വിദേശത്തും ഭിക്ഷാടനക്കാരുടെ തിക്കും തിരക്കുമാണ്.
ഒരിക്കൽ പ്രവാചകനും സഹാബികളും (അനുജരന്മാർ )ഇരിക്കുന്ന മജ്ലിസിലേക്ക് ധനാഢ്യനായ ഒരാൾ വന്ന് പ്രവാചകനോട് സഹായം അഭ്യർത്ഥിച്ചപ്പോൾ പ്രവാചകൻ അയാളുടെ ആവശ്യം സാധിച്ചു കൊടുത്തു. ഇത് കണ്ട സഹാബികൾ അദ്ദേഹം സമ്പന്നൻ അല്ലേ എന്ന് പ്രവാചകനോട് ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞത് അദ്ദേഹം തീക്കനലാണ് വാങ്ങിയത് എന്നാണ്. അയാൾ അതിന് അർഹനാണ് എന്ന് അയാൾക്ക് ബോധ്യം ഉണ്ടായാൽ അത് ഹലാലാണ് അതല്ലെങ്കിൽ അത് വാങ്ങുന്നത് അയാൾക്ക് ദോഷം വരുത്തും.കഴിവ് ഉണ്ടായിട്ടും മറ്റുള്ളവരിൽ നിന്ന് സഹായം ചോദിക്കുന്നത് ശരിയായ രീതിയല്ല എന്ന് പ്രവാചകൻ ആ വാക്കിലൂടെ മനസ്സിലാക്കി ക്കൊടുത്തു. മറ്റൊരിക്കൽ ഒരു സഹാബിയോട് പ്രവാചകൻ പറഞ്ഞു “നീ ഒരു കാര്യം കൊണ്ട് എനിക്ക് ഉറപ്പു നൽകുകയാണെങ്കിൽ ഞാൻ നിനക്ക് സ്വർഗ്ഗം കൊണ്ട് ഉറപ്പു നൽകാം “അത് എന്താണെന്നു ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞത്. നിങ്ങൾ അത്രയും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ,മറ്റൊരു നിർവാഹവും ഇല്ലെങ്കിൽ മാത്രമേ മറ്റൊരാളോട് സഹായം അഭ്യർത്തിക്കാൻ പാടുള്ളൂ എന്നാണ്.
ഇത് എടുത്ത് പറയാൻ കാരണം ഇന്ന് പല അറബ് രാജ്യങ്ങളിലെയും പള്ളി പരിസരങ്ങളിലും, വഴിയിലും, കടകളിലും പല പേരും പറഞ്ഞു ( വീട് വെക്കൽ, കല്യാണം, രോഗം, പള്ളി നിർമ്മാണം, യതീംഖാനയിലേക്ക് )തുടങ്ങി വ്യാപകമായി പിരിവ് നടക്കാറുണ്ട്. ഖേദം എന്ന് പറയട്ടെ അതിൽ തലയിൽ തലപ്പാവും, നീളൻ താടിയും, വെള്ളയും വെള്ളയും വേഷവും ധരിച്ചവരും, പർദ്ധയും, മുഖാവരണവും ഇട്ടവരാണ് അതിൽ കൂടുതലും മലയാളികൾ ആണെന്നതാണ് സത്യം. ഇവർ സത്യസന്തതയു ള്ളവരും, ഇവരുടെ ആവശ്യം സത്യമാണെങ്കിൽ ഇന്ന് പല സംഘടനകളും, വ്യക്തികളും അവർക്ക് വേണ്ട സഹായം ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഭാരിച്ച ചിലവിൽ വിസയും ടിക്കറ്റും എടുത്ത് ഇവിടെ വരേണ്ടതുണ്ടോ? അതല്ലെങ്കിൽ അവരെ ഇങ്ങോട്ട് വരുത്തേണ്ട ആവശ്യമുണ്ടോ ?എന്ന് ഇവർ ചിന്തിക്കുക.
2024 ൽ റമദാൻ കാലത്ത് ദുബായിൽ നടന്ന പരിശോധനയിൽ ഏഷ്യൻ വംശജരിൽ 202 ഭിക്ഷാടനക്കാർ പിടിക്കപ്പെട്ടു. അവരിൽ 112.പേർ പുരുഷന്മാരും 90 പേർ സ്ത്രീകളുമായിരുന്നു. ഭിക്ഷാടനം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന രാജ്യമാണ് ദുബൈ.
പല വിദേശ രാജ്യങ്ങളും ഇത്തരം പിരിവ് നിരോധിച്ചതതാണ്. യുഎഇ ൽ ആകട്ടെ പിടിക്കപ്പെട്ടാൽ
അയ്യായിരം ദിർഹം മുതൽ പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. അതിന് പുറമെ ഇവർക്ക് വിസ കൊടുത്തു ഇവിടേക്ക് കൊണ്ട് വരുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും ആറു മാസം തടവ് ശിക്ഷയും ലഭിക്കുന്നുണ്ട്.എന്ന വിവരങ്ങൾ ഇവർ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അത് പോലെ തന്നെ നോമ്പ് മാസങ്ങളിൽ ദാന ധർമ്മം വാങ്ങാൻ സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം വീട് വീടാന്തരവും കടകളിലും കയറിയിറങ്ങി സകാത്ത് വാങ്ങാൻ നടക്കുന്നത് കാണുന്നുണ്ട്. അതൊരിക്കലും സകാത്ത് എന്ന് പറഞ്ഞുകൂടാ ഒരു തരം ഭിക്ഷ യാചിക്കൽ എന്ന് വേണമെങ്കിൽ പറയാം. കൊടുക്കാൻ ആഗ്രഹിക്കുന്നവർ സംഘടിതമായോ, ഒറ്റക്കോ ഓരോ പ്രദേശത്തും അർഹതപ്പെട്ടവരെ കണ്ടെത്തി അവർക്ക് കൊണ്ട് പോയി കൊടുത്താൽ നമ്മുടെ സഹോദരങ്ങളുടെ ഈ ഭിക്ഷാടനം ഒഴിവാക്കാം (ഇന്ന് പലരും പല സ്ഥലത്തും സംഘടിത സകാത്ത് കൊടുക്കുന്നുണ്ട് )അഥവാ പരിചയം ഇല്ലാത്തവർ യാചിക്കാൻ വന്നാൽ പൈസ കൊടുക്കാതെ ഭക്ഷണം, വസ്ത്രം, ഭക്ഷണ സാധനങ്ങൾ എന്നിവ കൊടുക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ഉപകാരപ്പെടാം പണം നൽകിയാൽ അത് പോകുന്നത് ഏജന്റിന്റെ കൈകളിലാകും അവരാണ് നമ്മുടെ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് കണ്ണും അവയവങ്ങളും വികൃതമാക്കി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. പിന്നെ ഇസ്തിരിയിട്ട വെള്ളയും വെള്ളയും ധരിച്ച് വെള്ള തൊപ്പിയുമിട്ട് മാന്യനായി തെണ്ടാൻ വിദേശത്തേക്ക് വണ്ടി കയറും മുമ്പ് ഒരു നിമിഷം ആലോചിക്കുക. നിങ്ങൾ ഈ പള്ളി വരാന്തയിലും, റോഡിന്റെ വശങ്ങളിലും ഈ കാണുന്നവരിൽ ഭൂരി ഭാഗവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ഓടുന്നവരാകും ആയിരമോ രണ്ടായിരമോ ശമ്പളം കിട്ടിയാൽ അതിന്റെ കൂടെ ആയിരം കൂടി ആരുടെ കയ്യിൽ നിന്ന് കടം വാങ്ങിയോ അതല്ലെങ്കിൽ പലിശക്ക് തവണകളായി അയച്ചോ ജീവിതം തള്ളി നീക്കുന്നവരാകും അവർക്ക് നിങ്ങളുടെ പ്രയാസങ്ങൾക്ക് നേരെ മുഖം തിരിക്കുകയോ, നിങ്ങളെ ബുദ്ധിമുട്ടുകൾക്ക് നേരെ കണ്ണടക്കുകയോ ചെയ്യാതെ വേറെ മാർഗ്ഗമില്ല. എന്ന് മനസ്സിലാക്കി വേണം വിദേശത്തേക്ക് വിമാനം കയറാൻ. ജനനം മുതൽ മരണം വരെയുള്ള വീട്ടിലും നാട്ടിലുമുള്ള എല്ലാ ചടങ്ങുകൾക്കും കഴിയും വിധം പ്രവാസികൾ സഹായിക്കുന്നുണ്ട്. തൊട്ടതിനും പിടിച്ചതിനും പ്രവാസികളെ പിഴിയാൻ കാത്തിരിക്കുന്ന ചില നാട്ട് പ്രമാണിമാരും, ചില മഹല്ല് ഭാരവാഹികളും ചില സ്ഥലത്തൊക്കെയുണ്ട്. എന്നാൽ പ്രവാസിയുടെ അടുപ്പ് എങ്ങനെയാണ് പുകയുന്നത് എന്ന് നോക്കാൻ മിക്കവരും ശ്രമിക്കാറില്ല. അതൊന്നും പോരാതെ ഒരു പരിചയവും ഇല്ലാത്തവരും ഉള്ളവരുമായ പ്രവാസികളെ ഇവിടെയും വന്ന് പിഴിയുന്ന വരെ നിങ്ങളോട് ഒരു അപേക്ഷ “ഇരക്കുന്ന പ്രവാസികളെ തുരക്കാൻ വരരുതേ”.
ഈ പുണ്യ മാസത്തിൽ കഴിവിന് അനുസരിച്ചു സകാത് അധികരിപ്പിക്കാൻ നോക്കുക. “ദാനം ധനത്തെ വർധിപ്പിക്കും “അത് കൊണ്ട് ഈ റമദാൻ മാസം മുതൽ നമ്മുടെ സഹോദര ങ്ങളുടെ ഭിക്ഷാടനം നിരുത്സാഹപ്പെടുത്തുക. അർഹതപ്പെട്ടത് അർഹതപ്പെട്ടവരിൽ നിന്ന് അർഹതപ്പെട്ട കൈകളിൽ എത്തപെടട്ടെ .