രാമനാട്ടുകര ബൈപാസിലെ കുഴികള്‍ ശാസ്ത്രീയമായി അടച്ചു തുടങ്ങി

ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോട് രാമനാട്ടുകര ബൈപാസിലെ കുഴികള്‍ ശാസ്ത്രീയമായി അടച്ചുതുടങ്ങി. രാമനാട്ടുകര മേല്‍പാലം ഇറങ്ങിവരുന്ന ഭാഗത്തെ വലിയ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്നു. ഇവിടെയാണ് ഇപ്പോള്‍ ഇന്‍റര്‍ലോക്ക് വിരിച്ച് ശാസ്ത്രീയമായി കുഴികള്‍ അടച്ചുതുടങ്ങിയത്.

മേല്‍പാലത്തിന്‍റെ താഴെ അപ്രോച്ച് റോഡില്‍ വെള്ളംകെട്ടി നില്‍ക്കുന്നതായിരുന്നു നിരന്തരമായി കുഴികള്‍ രൂപപ്പെടാന്‍ കാരണമായത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതരും കരാര്‍ കമ്പനി പ്രതിനിധികളും പങ്കെടുത്ത് ജൂലൈ മാസം അവസാനം ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

മഴക്കാലമായതിനാല്‍ താല്‍ക്കാലിക പരിഹാരത്തിനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ അടച്ച കുഴികള്‍ വീണ്ടും പഴയ പടിയായി. മഴ മാറിയപ്പോള്‍ തന്നെ കുഴികള്‍ നികത്താനുള്ള നിര്‍ദ്ദേശം നല്‍കുകയും ഇപ്പോള്‍ ഇന്‍റര്‍ലോക്ക് വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരുന്നുമുണ്ട്.

60 മീറ്റര്‍ നീളവും 12 മുതല്‍ 15 മീറ്റര്‍ വരെ വീതിയിലുമാണ് ഇന്‍റര്‍ലോക്ക് സ്ഥാപിക്കുന്നത്. ഒരു ഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായാലുടന്‍ രണ്ടാം ഭാഗത്തും ഇന്‍റര്‍ലോക്ക് സ്ഥാപിക്കും. വേഗത്തില്‍ തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.

ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന രാമനാട്ടുകര ബൈപാസ് വികസനം വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ബൈപാസ് വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതരും കരാര്‍ കമ്പനി പ്രതിനിധികളും പങ്കെടുത്തുകൊണ്ട് നിരവധി യോഗങ്ങള്‍ ചേര്‍ന്നു.

ഈ യോഗങ്ങളില്‍ നിശ്ചയിച്ച സമയക്രമത്തിന് അനുസരിച്ച് ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നകാര്യം ജില്ലാ കളക്ടര്‍ പരിശോധിക്കുകയും കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

spot_img

Related Articles

Latest news